തപ്‍സി നായികയാകുന്ന പുതിയ ചിത്രമാണ് സാൻഡ് കി ആങ്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ളതാണ് കഥാപാത്രം.  ചിത്രത്തിന്റെ ടീസറും മികച്ച പ്രതികരണം നേടുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്‍ത്രീകളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. തപ്‍സിക്കു പുറമേ പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമിയാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25നാണ് പ്രദര്‍ശനത്തിന് എത്തുക.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വലിയ സന്തോഷവതിയാണ് താനെന്ന് തപ്‍സി നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഏറെ പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിലെ കൌതുകവും തപ്‍സി പറയുന്നു.

വളരെ വ്യത്യസ്‍തമായ ഒരു കാര്യം ഞാൻ ആലോചിക്കുകയാണ്. ഞാൻ 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങളായാല്‍ ആരും ഒന്നും ചോദിക്കില്ല. ഒന്നും പ്രത്യേകിച്ച് തോന്നില്ല, ആര്‍ക്കും- പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിനെ കുറിച്ച് തപ്‍സി പറയുന്നു.

രണ്ട് നടിമാര്‍ അവരുടെ കരിയറിന്റെ പ്രധാന ഘട്ടത്തില്‍ ഇരട്ടിപ്രായമുള്ള കഥാപാത്രമായി എത്തുന്നത് അപരിചിതമാണ്. സാധാരണ ഇന്ന് എല്ലാ നടിമാരും പ്രായം കുറവുള്ള കഥാപാത്രമാണ് ചെയ്യാൻ ശ്രമിക്കാറുള്ളത് ഞങ്ങള്‍ ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് തെരഞ്ഞെടുത്തത്. അത് അഭിനന്ദിക്കുന്നതിനു പകരം ആള്‍ക്കാര്‍ അതിലെ പ്രശ്‍നങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്- തപ്‍സി പറയുന്നു.