ഹോളിവുഡ് താരം ടോം ക്രൂസിന് വന്‍ കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു 1986ല്‍ പുറത്തിറങ്ങിയ 'ടോപ്പ് ഗണ്‍'. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ടിന് ശേഷം സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗം തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. 'ടോപ്പ് ഗണ്‍ 2: മാവറിക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.

'ടോപ്പ് ഗണ്‍' ഇപ്പോഴും മനസില്‍ കൊണ്ടുനടക്കുന്ന ആരാധകര്‍ അതിന്റെയൊരു രണ്ടാംഭാഗത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്നതായിരിക്കും ചിത്രമെന്ന് ട്രെയ്‌ലര്‍ പറഞ്ഞുവെക്കുന്നു. പീറ്റ് മിച്ചല്‍ അഥവാ മാവറിക് എന്ന ടോം ക്രൂസ് കഥാപാത്രം ആദ്യചിത്രത്തിലേതുപോലെ മിലിറ്ററി കേഡറ്റ് ആണ് രണ്ടാംഭാഗത്തിലും. ചടുലമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ട്രെയ്‌ലര്‍. നായകന്‍ ഫൈറ്റര്‍ പ്ലെയിന്‍ പറപ്പിക്കുന്ന രംഗങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ജോയ് കസിന്‍സ്‌കിയാണ് സംവിധാനം. പക്ഷേ തീയേറ്ററില്‍ കാണാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. 2020 ജൂണ്‍ 26നാണ് റിലീസ്.