നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ 'മൂത്തോന്റെ' ആദ്യ പ്രദർശനം വിഖ്യാതമായ ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ നടക്കും. സെപ്റ്റംബർ 11നാണ് പ്രദർശനം. ഈ വർഷത്തെ ജിയോ മാമി മുംബൈ ചലച്ചിത്ര മേളയിലെ ഓപ്പണിങ് ചിത്രമായും  'മൂത്തോൻ' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 17ന് നടക്കുന്ന പ്രദർശനത്തിനു ശേഷം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കും.

ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. നിർമ്മാതാവിന്റെ റോളിന് പുറമെ ഹിന്ദി സംഭാഷണങ്ങൾ രചിച്ചതും അനുരാഗ് കശ്യപ് ആണ്. മലയാളത്തിലുള്ള സംഭാഷണങ്ങള്‍ ശ്രീജ ശ്രീധരന്റേതാണ്. 

 

മുംബൈയിലെ കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്‍റെ മുതിര്‍ന്ന സഹോദരനെ തേടി യാത്രതിരിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണ് പുറത്തുവന്ന വിവരം.സൺഡാൻസ് സ്ക്രീൻറൈറ്റേർസ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു.ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി നേടിയ 'ലയേഴ്‌സ് ഡയസിനു' ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൂത്തോൺ.'  

നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവർ വേഷമിടും.

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം ഒരുക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറിജിനല്‍ സ്‌കോര്‍ സാഗര്‍ ദേശായിയും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവഹിച്ചിരിക്കുന്നു.