കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ജയറാം ചിത്രം 'പട്ടാഭിരാമൻ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയിൽ ഏറെ ചർച്ചചെയ്യപ്പെടാത്ത എന്നാൽ ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയം ചർച്ച ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 


അടുത്തിടെ ഇറങ്ങിയ ജയറാം ചിത്രങ്ങളേക്കാൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സമകാലിക ജീവിതത്തിൽ ഏറ്റവും അപകടകരമായ ഒരു വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് പട്ടാഭിരാമൻ എന്ന ചിത്രം. ജയറാം-കണ്ണൻ താമരക്കുളം കൂട്ടുകെട്ട് തുടരുന്ന നാലാമത്തെ ചിത്രമാണിത്. ഈ കൂട്ടുകെട്ടിൽ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും 'പട്ടാഭിരാമൻ' ഏറെ വ്യത്യസ്തത പുലർത്തുന്നു. 

പലയിടത്തും പാളി പോകാമായിരുന്ന കഥയെ വളരെ രസകരമായി അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥകൃത്തായ ദിനേശ് പള്ളത്തിനും കഴിഞ്ഞു. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കഥയുടെ ആഖ്യാനരീതികൊണ്ടും പ്രേക്ഷകമനസ്സിൽ ഇടം നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിർമാണം.
മിയാ ജോര്‍ജ്, ഷീലു എബ്രഹാം,എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മിയയുടെ തനൂജ ഇപ്പോഴത്തെ കാലഘട്ടത്തിന്റെ പ്രതീകമായ കഥാപാത്രം ആണ്. പാർവ്വതി നമ്പ്യാർ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, പ്രേംകുമാര്‍,  മാധുരി, തെസ്‌നി ഖാന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.