നിര്‍മ്മാതാവിന്റെ കൈ പൊള്ളിക്കാതിരുന്ന സിനിമകള്‍ ഒന്‍പത് ശതമാനത്തില്‍ താഴെ മാത്രം. ആകെയുള്ള ചിത്രങ്ങളില്‍ 14 സിനിമകളാണ് വിജയങ്ങളെന്ന് ഉറപ്പിക്കാവുന്നവ.

എണ്ണത്തില്‍ മലയാളസിനിമ റെക്കോര്‍ഡിട്ട വര്‍ഷമാണ് 2018. പക്ഷേ എണ്ണത്തിലെ ഈ വലിപ്പം ഉള്ളടക്കത്തിലോ ട്രീറ്റ്‌മെന്റിലോ കൊണ്ടുവന്ന സിനിമകള്‍ വിരലിലെണ്ണാം. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ ദിവാന്‍ജിമൂല ഗ്രാന്‍പ്രി മുതല്‍ സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍ വരെ 156 ചിത്രങ്ങളാണ് മലയാളത്തില്‍ ഇത്തവണ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയത്. അതില്‍ നിര്‍മ്മാതാവിന്റെ കൈ പൊള്ളിക്കാതിരുന്ന സിനിമകള്‍ ഒന്‍പത് ശതമാനത്തില്‍ താഴെ മാത്രം. ആകെയുള്ള ചിത്രങ്ങളില്‍ 14 സിനിമകളാണ് വിജയങ്ങളെന്ന് ഉറപ്പിക്കാവുന്നവ.

ഈ വര്‍ഷത്തെ ബോക്‌സ്ഓഫീസ് വിജയങ്ങള്‍ (റിലീസ് ചെയ്ത ക്രമത്തില്‍)

1. ആദി

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റചിത്രം വലിയ കാത്തിരിപ്പിനൊടുവിലാണ് എത്തിയത്. പ്രണവിന്റെ പാര്‍ക്കൗര്‍ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. റിലീസ്ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു ചിത്രം.

2. സുഡാനി ഫ്രം നൈജീരിയ

കലാമൂല്യത്തോടൊപ്പം പ്രേക്ഷകപ്രീതിയും നേടിയെടുത്ത 2018ലെ അപൂര്‍വ്വം സിനിമകളിലൊന്ന്. സക്കറിയ മുഹമ്മദ് എന്ന നവാഗതന്‍ ഒരുക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകരുടെയും പ്രിയം ആദ്യവാരം തന്നെ നേടിയെടുത്തു.

3. പഞ്ചവര്‍ണ്ണതത്ത

രമേശ് പിഷാരടിയുടെ കന്നി സംവിധാന സംരംഭം. ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തീയേറ്ററുകളില്‍ പൊട്ടിച്ചിരി നിറച്ച ചിത്രം.

4. അരവിന്ദന്റെ അതിഥികള്‍

മാണിക്യക്കല്ലിന് ശേഷം പ്രേക്ഷകപ്രീതി നേടിയ എം മോഹനന്‍ ചിത്രം. മൂകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ കുടുംബപ്രേക്ഷകര്‍ വിജയിപ്പിച്ചു.

5. അബ്രഹാമിന്റെ സന്തതികള്‍

2018ല്‍ മമ്മൂട്ടിയുടേതായി നാല് സിനിമകള്‍ വന്നതില്‍ ഏക ഹിറ്റ്. സിനിമയില്‍ ഏറെക്കാലത്തെ അനുഭവപരിചയമുള്ള ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരംഭം. ഹനീഫ് അദേനിയുടെ തിരക്കഥ.

6. കൂടെ

ബാംഗ്ലൂര്‍ ഡെയ്‌സ് പുറത്തിറങ്ങി നാല് വര്‍ഷത്തിന് ശേഷം പ്രദര്‍ശനത്തിനെത്തിയ അഞ്ജലി മേനോന്‍ ചിത്രം. വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവ് കൂടിയായിരുന്നു കൂടെ. ബാംഗ്ലൂര്‍ ഡെയ്‌സിനോ അഞ്ജലി തിരക്കഥ രചിച്ച ഉസ്താദ് ഹോട്ടലിനോ സമാനമായ വിജയമായില്ലെങ്കിലും നിര്‍മ്മാതാവിന് കൈ പൊള്ളിയില്ല. പൃഥ്വിയുടെ വ്യത്യസ്ത വ്യത്യസ്ത കഥാപാത്രവും പൃഥ്വി-നസ്രിയ കോമ്പിനേഷനും ശ്രദ്ധിക്കപ്പെട്ടു.

7. ഒരു പഴയ ബോംബ് കഥ

ഷാഫിയുടെ സംവിധാനത്തില്‍ തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജ് നായകനായ ചിത്രം ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ്. 

8. തീവണ്ടി

ടൊവീനോ ചെയിന്‍ സ്‌മോക്കര്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വേഗത്തില്‍ ജനപ്രീതി നേടി. ടൊവീനോയുടെ ഈ വര്‍ഷത്തെ വലിയ ഹിറ്റ്.

9. വരത്തന്‍

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ജനപ്രീതി നേടിയ അമല്‍ നീരദ് ചിത്രം. പ്രീ പബ്ലിസിറ്റി കുറച്ചുമാത്രം നല്‍കിയ ചിത്രത്തിന്റെ പേര് തന്നെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത് റിലീസിന് മുന്‍പാണ്.

10. ചാലക്കുടിക്കാരന്‍ ചങ്ങാതി

കലാഭവന്‍ മണിയുടെ ജീവിതം പറഞ്ഞ വിനയന്‍ ചിത്രം സിനിമയുടെ പോസ്റ്ററില്‍ പറയുന്നതുപോലെ ജനകീയ വിജയം നേടി. രാജാമണിയാണ് കലാഭവന്‍ മണിയായത്. 

11. കായംകുളം കൊച്ചുണ്ണി

റിലീസിനോട് ചേര്‍ന്നുള്ള ആദ്യ ദിനങ്ങളില്‍ സമ്മിശ്രാഭിപ്രായം നേടിയ ചിത്രം പക്ഷേ തീയേറ്ററുകളില്‍ തുടര്‍ വാരങ്ങളില്‍ ആളെ കയറ്റി. കൊച്ചുണ്ണിയെ കാണാന്‍ കുടുംബപ്രേക്ഷകരെത്തി. നിവിന്‍ പോളിക്കും അതിഥി താരമായെത്തിയ മോഹന്‍ലാലിനും കൈയടികള്‍ ലഭിച്ചു.

12. ജോസഫ്

ഈ വര്‍ഷത്തെ മറ്റൊരു സര്‍പ്രൈസ് ഹിറ്റ്. ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രത്തെ പ്രേക്ഷകരും ഏറ്റെടുത്തു. പത്മകുമാറിനും ബ്രേക്കായി ചിത്രം.

13. ഒടിയന്‍

അമിത പ്രീ റിലീസ് പബ്ലിസിറ്റി റിലീസ് ദിനാഭിപ്രായത്തെ ദോഷകരമായി ബാധിച്ചെങ്കിലും പലരും പ്രവചിച്ചത് പോലെ ചിത്രം വീണില്ല. എന്ന് മാത്രമല്ല മറ്റ് ക്രിസ്മസ് റിലീസുകള്‍ എത്തിയിട്ടും ഹൗസ്ഫുള്‍ ഷോകള്‍ നേടി. ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ഒടിയന്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങൡ ഒന്നാവും.

14. ഞാന്‍ പ്രകാശന്‍

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചപ്പോള്‍ പ്രേക്ഷകര്‍ ഒപ്പം നിന്നു. ഫഹദിന്റെ കഥാപാത്രവും പെര്‍ഫോമന്‍സുമായിരുന്നു ഹൈലൈറ്റ്.