1000 കോടി രൂപ കളക്ഷന്‍ നേടി ബാഹുബലി 2 കുതിക്കുകയാണ്. തിയറ്ററുകളില്‍ ആവേശം വിതറിയാണ് ബാഹുബലി രണ്ടാം ഭാഗം മുന്നേറുന്നത്. ഇതിനിടയില്‍ ബാഹുബലി-2 തിരുത്തിയെഴുതിയ റെക്കോര്‍ഡുകള്‍ നിരവധിയാണ്. ബാഹുബലി സൃഷ്‌ടിച്ച നാലു റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി ബാഹുബലി-2 മാറി. കളക്ഷന്‍ ആയിരം കോടി തികച്ച് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബാഹുബലി-2. കളക്ഷന്‍ റെക്കോര്‍ഡിന്റെ കാര്യത്തില്‍ 769 കോടി നേടിയ ആമിര്‍ഖാന്‍ ചിത്രം പികെയുടെ റെക്കോര്‍ഡാണ് ബാഹുബലി - 2 മറികടന്നത്. 

2, ആദ്യ ആഴ്‌ചയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഹിന്ദി ചിത്രമെന്ന റെക്കോര്‍ഡ് ബാഹുബലി-2 ഹിന്ദി പതിപ്പ് സ്വന്തമാക്കി. ഇക്കാര്യത്തില്‍ ആമിര്‍ഖാന്റെ ദംഗല്‍, സല്‍മാന്‍ഖാന്‍ സുല്‍ത്താന്‍ എന്നിയുടെ റെക്കോര്‍ഡുകളാണ് ബാഹുബലി-2 മറികടന്നത്. ബാഹുബലി-2 ഹിന്ദി പതിപ്പ് ആദ്യ ആഴ്‌ചയില്‍ 247 കോടി രൂപയാണ് ബോക്സോഫീസില്‍നിന്ന് വാരിയത്. 

3, അമേരിക്കയിലും ചലനമുണ്ടാക്കി ബാഹുബലി-2. അമേരിക്കന്‍ ബോക്സോഫീസില്‍ ആദ്യ മൂന്നു സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകാനും ബാഹുബലി-2ന് സാധിച്ചു. ആദ്യ ആഴ്‌ച 65 കോടിയാണ് ബാഹുബലി-2 നേടിയത്. 

4, ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡോടെയായിരുന്നു ബാഹുബലി-2 തേരോട്ടം തുടങ്ങിയത്. ഇക്കാര്യത്തില്‍ ദംഗല്‍, സുല്‍ത്താന്‍ എന്നിവയുടെ റെക്കോര്‍ഡാണ് ബാഹുബലി-2 മറികടന്നത്. ആദ്യദിനം 121.5 കോടിയാണ് ബാഹുബലി-2 വാരിക്കൂട്ടിയത്.