ഒരുമിച്ച് നില്‍ക്കാന്‍ അവാര്‍ഡ് ജേതാക്കളില്‍ ഭൂരിഭാഗത്തിന്റെയും തീരുമാനം തൃപ്തികരമായ മറുപതി നല്‍കാതെ വാര്‍ത്താവിതരണ മന്ത്രാലയം
രാഷ്ട്രപതി രാംനാഥ് കോവിന്ദില് നിന്നും ദേശീയ ചലച്ചിത്ര അവാര്ഡ് ജേതാക്കളില് 11 പേര് മാത്രം പുരസ്കാരം ഏറ്റുവാങ്ങുമെന്ന അറിയിപ്പോടെ വിവാദത്തിലായ ദേശീയ അവാര്ഡ് വിതരണ ചടങ്ങിനെച്ചൊല്ലി അനിശ്ചിതത്വം. കേന്ദ്ര വാര്ത്താവിതരണ മന്ത്രാലയത്തിന് വിഷയത്തില് തൃപ്തികരമായ വിശദീകരണം നല്കാന് കഴിയാത്തതിനെത്തുടര്ന്ന് പ്രതിഷേധമുള്ള 62 അവാര്ഡ് ജേതാക്കള് തങ്ങളുടെ നിലപാട് വിശദീകരിച്ച് നിവേദനം നല്കിയിരിക്കുകയാണ്. രാഷ്ട്രപതിക്കും വാര്ത്താവിതരണ മന്ത്രാലയത്തിനുമാണ് നിവേദനം. അവാര്ഡ് വിതരണച്ചടങ്ങിനെക്കുറിച്ച് തങ്ങള്ക്ക് നേരത്തേ നല്കിയിരുന്ന അറിയിപ്പ് പ്രകാരം എല്ലാ ജേതാക്കള്ക്കും രാഷ്ട്രപതി നേരിട്ട് പുരസ്കാരങ്ങള് നല്കണമെന്നും അല്ലാത്തപക്ഷം ചടങ്ങ് ബഹിഷ്കരിക്കാന് നിര്ബന്ധിതരാവുമെന്നുമാണ് നിവേദനത്തില്. മലയാളത്തില്നിന്ന് മികച്ച ഗായകനുള്ള പുരസ്കാരം നേടിയ കെ.ജെ.യേശുദാസ്, മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടിയ ജയരാജ് അടക്കമുള്ളവര് നിവേദനത്തില് ഒപ്പ് വച്ചിട്ടുണ്ട്.
വാര്ത്താവിതരണ മന്ത്രാലയത്തിന്റെ തീരുമാനത്തില് വ്യക്തത വരാതെ ചടങ്ങുമായി സഹകരിക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ സജീവ് പാഴൂര് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിനോട് വ്യക്തമാക്കി. സിനിമാപ്രവര്ത്തകരോടുള്ള നിഷേധാത്മകവും ഏകപക്ഷീയവുമായ നിലപാടാണ് മന്ത്രാലയത്തിന്റെ തീരുമാനത്തില് പ്രതിഫലിക്കുന്നതെന്നും പുരസ്കാരജേതാക്കള് തീരുമാനത്തില് ഒരുമിച്ച് നില്ക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു..
"രാഷ്ട്രപതി അവാര്ഡ് നല്കും എന്ന് പറഞ്ഞതുകൊണ്ടാണ് ഒരു വലിയപങ്ക് ആളുകളും ന്യൂഡല്ഹിയില് എത്തിയിരിക്കുന്നത്. ദേശീയ അവാര്ഡ് വിതരണത്തില് കഴിഞ്ഞ 64 വര്ഷമായി തുടരുന്ന ചിട്ടവട്ടങ്ങളുണ്ട്. രാഷ്ട്രപതിക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള് ഉണ്ടെങ്കില് മാത്രമാണ് ഉപരാഷ്ട്രപതിയോ മറ്റാരെങ്കിലുമോ ആ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. പക്ഷേ ഇത്തവണ 11 പേര്ക്ക് മാത്രം രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കുമെന്ന് അറിയിച്ചിരിക്കുന്നത് ഞങ്ങള്ക്ക് ബോധ്യപ്പെടുന്ന കാരണങ്ങളൊന്നുമില്ലാതെയാണ്. വിഷയം വാര്ത്താവിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ കൈയില് നില്ക്കാതെ വന്നപ്പോള് അവര് മന്ത്രിയെ വിളിച്ചുവരുത്തുകയായിരുന്നു. പക്ഷേ മന്ത്രി സ്മൃതി ഇറാനിക്കും ഇക്കാര്യത്തില് വ്യക്തമായൊരു നിലപാട് പറയാന് പറ്റിയില്ല. പ്രോട്ടോകോളിനെക്കുറിച്ചൊക്കെയാണ് മന്ത്രി പറയുന്നത്. എത്രയോ ശ്രമപ്പെട്ടാണ് ജൂറി ഒരു വര്ഷം രാജ്യത്ത് ഇറങ്ങിയ ചലച്ചിത്രങ്ങളില് മികച്ചവ തിരഞ്ഞെടുക്കുന്നത്? ആര്ട്ടിസ്റ്റുകളോടുള്ള അവഹേളനമാണ് ഇപ്പോഴത്തെ തീരുമാനത്തില് പ്രതിഫലിക്കുന്നത്. ദേശീയപുരസ്കാരത്തിന്റെ ചരിത്രത്തില് ഇതുവരെ സംഭവിക്കാത്ത ഒരു ദുരന്തം നേരിടുകയാണ്.." സജീവ് പാഴൂര് പറഞ്ഞു.
ഒരു ബിജെപി മന്ത്രിയുടെ കൈയില് നിന്നും പുരസ്കാരം വാങ്ങാനായിരുന്നെങ്കില് താന് ചടങ്ങില് പങ്കെടുക്കാനായി ഇത്രദൂരം വരില്ലായിരുന്നെന്ന് മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ അനീസ് കെ.മാപ്പിള ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിനോട് പറഞ്ഞു. "രാഷ്ട്രപതിയില്നിന്ന് കിട്ടുന്ന, പൊളിറ്റിക്കല് അല്ലാത്ത ഒരു ഓഫീസില്നിന്നുള്ള അവാര്ഡ് എന്നതായിരുന്നു ചലച്ചിത്ര പുരസ്കാരത്തിന്റെ ഹൈലൈറ്റ്. എല്ലാവര്ക്കും അതായിരിക്കണമെന്നില്ല പ്രശ്നം. പ്രസിഡന്റ് തരേണ്ടത് മന്ത്രി തരാന് തീരുമാനിച്ചതിലാവാം ചിലരുടെ അതൃപ്തി. ദേശീയ പുരസ്കാരത്തിന്റെ 64 വര്ഷത്തെ ചരിത്രത്തില് ഒരിക്കല് മാത്രമാണ് രാഷ്ട്രപതി ചടങ്ങില്നിന്ന് വിട്ടുനിന്നത്. ശങ്കര്ദയാല് ശര്മ്മ രാഷ്ട്രപതി ആയിരുന്നപ്പോള്. അദ്ദേഹം ആരോഗ്യപ്രശ്നങ്ങളെത്തുടര്ന്ന് ആശുപത്രിയിലായിരുന്നു അന്ന്..", അനീസ് പറയുന്നു.
