ചെന്നൈ: ഹോളിവുഡ് ഹൊറര്‍ ചിത്രം കോണ്‍ജറിംഗ്-2 കാണുന്നതിനിടെ മധ്യവയസ്‌കന്‍ തിയേറ്ററില്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 60 വയസ്സ് പ്രായമുള്ള ആളാണ് മരിച്ചത്. തിരുവണ്ണാമലൈയിലുള്ള ആശ്രമവാസിയായ ഇയാള്‍ ആന്ധ്രാ സ്വദേശിയാണ്.

തിരുവണ്ണാമലൈ നഗരത്തിലെ ബാലസുബ്രഹ്മണ്യാര്‍ തിയേറ്ററില്‍ സിനിമ കാണ്ടുകൊണ്ടിരിക്കെയാണ് സംഭവം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗമെത്തിയപ്പോഴാണ് ഇയാള്‍ നെഞ്ചുവേദന അനുഭവപ്പെടുന്നതായി കൂടെയുള്ളവരോട് പറഞ്ഞു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമലൈ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചുവെങ്കിലും മൃതദേഹവുമായി എത്തിയവര്‍ മൃതദേഹം കൊണ്ട് ഓട്ടോ റിക്ഷയില്‍ കയറി പോവുകയായിരുന്നു. മരിച്ചയാളുടെ കൂടുതല്‍ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യയില്‍ 900 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ കോണ്‍ജറിംഗ് 2വിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും 5.25 കോടി വാരി.