ഇന്ത്യന്‍ ക്ഷുഭിത യൗവ്വനം 74ന്റെ ചെറുപ്പത്തിലേക്ക് കടക്കുന്നു. പിറന്നാള്‍ ദിനത്തില്‍ മാധ്യമങ്ങളെകണ്ട ബിഗ്ബി പാക്കിസ്ഥാന്‍ ജമ്മുകാശ്‍മീരില്‍ നടത്തുന്ന നിയമ ലംഘനങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി. അതിര്‍ത്തിയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ഇന്ത്യന്‍ ജനത ഏറെ രോഷത്തോടെയാണ് കാണുന്നത്. രാജ്യത്തിനായി ജീവത്യാഗം ചെയ്യുന്ന പട്ടാളക്കാരോട് ഐക്യദാര്‍ഢ്യം അറിയിക്കേണ്ട സമയമാണിത്.

പാക്കിസ്ഥാനില്‍ നിന്നുള്ള കലാകാര്‍ക്കെതിരെ മുംബൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ബോളിവുഡ് രണ്ട് ചേരിയിലാണല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ താരം തയ്യാറായില്ല. ഉറിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് ആദരമായി ബച്ചന്‍ ഗാനം ആലപിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒരു പാര്‍ലമെന്റ് അംഗം ഇങ്ങനെയൊരുകാര്യം തന്നോട് ചര്‍ച്ചചെയ്തിരുന്നെന്നും ഗാനം ആലപിക്കാനായി കരാറുണ്ടാക്കിയിട്ടില്ലെന്നും ബിഗ്ബി മാധ്യമങ്ങളെ അറിയിച്ചു. പിറന്നാള്‍ ദിനത്തില്‍ ആശംസയറിയിക്കാന്‍ ആയിരക്കണക്കിന് ആരാധകരാണ് അമിതാഭ് ബച്ചന്റെ മുംബൈയിലെ വീടിന് മുന്നില്‍ തടിച്ചുകൂടിയത്.