മലയാളത്തിന്‍റെ പ്രിയ ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പി ഭാസ്‍കരനു ശേഷം ലളിതവും ഗ്രാമീണവുമായ പദങ്ങള്‍ കോര്‍ത്തിണക്കിയ ചലച്ചിത്ര ഗാനങ്ങള്‍ സൃഷ്‍ടിച്ച പ്രതിഭ. സാധാരണക്കാരന്‍റെ പാട്ടെഴുത്തുകാരന്‍. പാട്ടിന്‍റ ആ പുത്തന്‍ ചേരിക്കാരന്‍ മരണത്തിലേക്കു നടന്നുപോയിട്ട് ഇന്ന് എട്ട് വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിനു വേറിട്ടൊരു ശ്രദ്ധാജ്ഞലിയുമായെത്തുകയാണ് ഒരു യുവാവ്.

സന്ദീപ് സുധ എന്ന കായംകുളം സ്വദേശിയാണ് ഗിരീഷ് പുത്തഞ്ചേരിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു കൊണ്ട് ഒരു ഗാനമെഴുതി ചിട്ടപ്പെടുത്തിയത്. മലയാളത്തിന്‍റെ പ്രിയ പാട്ടെഴുത്തുകാരന് പാട്ടിന്‍റെ രൂപത്തില്‍ തന്നെ നല്‍കുന്ന മലയാളത്തിലെ ആദ്യ ട്രിബ്യൂട്ടാണ് ഇത്. 'കണ്ണീരിന്നീണങ്ങളാല്‍..' എന്നു തുടങ്ങുന്ന ഗാനം ഖരഹരപ്രിയയെ അടിസ്ഥാനമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആലാപനം പ്രശസ്‍ത പിന്നണിഗായകന്‍ ദേവാനന്ദ്.

'നിലയ്ക്കാത്ത നീലാംബരി' എന്നു പേരിട്ടിരിക്കുന്ന ഈ ഗാനശില്‍പ്പത്തിന്‍റെ വീഡിയോയുമുണ്ട്. പുത്തഞ്ചേരിയുടെ ജീവിതശകലങ്ങളും പാട്ടു വഴികളില്‍ നേടിയ പുരസ്കാരങ്ങളുമൊക്കെ പരിചയപ്പെടുന്നതാണ് പാട്ടിനൊപ്പമുള്ള ദൃശ്യങ്ങള്‍.

തന്‍റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് ഈ ഗാനമെന്നാണ് ദേവസ്വം ബോര്‍ഡിലെ ശാന്തി ജീവനക്കാരനായ സന്ദീപ് പറയുന്നത്. നിലവില്‍ ഭക്തിഗാനരംഗത്ത് സജീവമായ സന്ദീപ്, ഗിരീഷ് പുത്തഞ്ചേരിയെ തന്‍റെ ഗുരുസ്ഥാനീയനായാണ് കാണുന്നത്. സിനിമാ ഗാനരചനാ രംഗത്തേക്ക് കടന്നുവരാനൊരുങ്ങുന്ന സന്ദീപ് അടുത്തിടെ മാക്ടയും ആശാന്‍ സ്മാരകവും ചേര്‍ന്നു സംഘടിപ്പിച്ച ചലച്ചിത്ര ഗാനരചനാമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.