മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ആട് 2 വിന്റെ തിയേറ്റര്‍ രംഗങ്ങള്‍ അപ്ലോഡ് ചെയ്ത മൂവായിരത്തിലധികം ഫേസ്ബുക്ക് പേജുകള്‍ അപ്രത്യക്ഷമായി. തിയേറ്ററുകളില്‍നിന്ന് മൊബൈലില്‍ പകര്‍ത്തിയ സിനിമയുടെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത പേജുകളാണ് ഡിലീറ്റ് ചെയ്യപ്പെടുകയോ സസ്പെന്‍ഡ് ചെയ്യപ്പെടുകയോ ചെയ്തത്.
സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ വരെ ഇത്തരത്തില്‍ പുറത്തെത്തിക്കുന്നുവെന്ന ആരോപണവുമായി ആട് 2വിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന നിര്‍മ്മാണ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പേജുകള്‍ക്കെതിരെയുള്ള നടപടി. ഫ്രൈഡേ ഫിലം ഹൗസിന്റെ ഉടമ വിജയ് ബാബുവാണ് ഫേസ്ബുക്ക് പേജുകള്‍ അപ്രത്യക്ഷമായെന്ന വിവരം വെളിപ്പെടുത്തിയത്. ഞങ്ങളോട് വിളിച്ച് മാപ്പ് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും നിങ്ങളുടെ പേജുകള്‍ തിരികെ കിട്ടാന്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും വിജയ് ബാബു പോസ്റ്റില്‍ കുറിക്കുന്നു. ഫേസ്ബുക്ക് കനിഞ്ഞാലെ പേജുകള്‍ തിരിച്ചുകിട്ടുകയുള്ളുവെന്നും ഇത് എല്ലാവര്‍ക്കുമൊരു മുന്നറിയിപ്പാണെന്നും വിജയ് പറയുന്നു.
