നടി മംമ്താ മോഹന്‍ദാസിന് മറുപടിയുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും

നടി മംമ്താ മോഹന്‍ദാസിന് മറുപടിയുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും. എല്ലാ തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്ന് സംവിധായകന്‍ ആഷിഖ് അബു തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സ്ത്രീകള്‍ കുഴപ്പങ്ങളില്‍പ്പെടുന്നതിന്‍റെ ഉത്തരവാദിത്തം അവര്‍ക്ക് തന്നെയെന്ന മംമ്തയുടെ പ്രസ്താവനയ്ക്കുളള മറുപടിയാണ് ആഷിഖ് നല്‍കിയത്. നിങ്ങള്‍ പീഡനത്തിന് ഇരയാവുന്നത് നിങ്ങളുടെ തെറ്റല്ല, അത് ചെയ്യുന്നവര്‍ ആണ് തെറ്റുക്കാര്‍ എന്ന് നടി റിമയും തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലെന്നും മംമ്താ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ വനിതാ കൂട്ടായ്മയില്‍ അംഗമല്ല. ഡബ്ല്യുസിസി രൂപീകരിക്കുന്ന സമയത്ത് താനിവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിലും അതില്‍ ഭാഗമാകാന്‍ സാധ്യതയില്ല. വനിതകള്‍ക്ക് മാത്രമായിട്ടൊരു സംഘടനയുടെ ആവശ്യമെന്താണെന്നും മംമ്ത് ചോദിക്കുന്നു. 

ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുന്‍പ് നടത്തിയ പ്രസ് മീറ്റില്‍ വനിതാ കൂട്ടായ്മയ്ക്കെതിരെ മംമ്ത സംസാരിച്ചെന്ന കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഡബ്ല്യുസിസിക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് മംമ്ത. നടിക്കെതിരെയുണ്ടായ അതിക്രമത്തെ കുറിച്ച് തനിക്ക് പറയാനുള്ളത് വ്യക്തമാക്കുകയായിരുന്നു. നടി ആക്രമിക്കപ്പെടുന്നതിന് വളരെ മുൻപ് തന്നെ ദീലീപിനും നടിക്കുമിടയില്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ഞാന്‍ കേരളത്തിലുണ്ടായിരുന്നില്ല.

അഭിനേതാക്കളുടെ സംഘടനയായ അമ്മയെക്കുറിച്ചും മംമ്ത പ്രതികരിച്ചു. സ്ത്രീകളുടെ പരാതിയില്‍ എത്രമാത്രം ഫലപ്രദമായി അമ്മ ഇടപെടുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. ഞാന്‍ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കാറില്ല. 2005-06 ലെ യോഗത്തില്‍ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. സിനിമകള്‍ ചെയ്യുകയും തിരിച്ച് പോകുകയും മാത്രമാണ് താന്‍ ചെയ്യാറെന്നും മംമ്ത പറഞ്ഞു.സ്ത്രീകള്‍ കുഴപ്പങ്ങളില്‍പ്പെടുന്നതിന്‍റെ ഉത്തരവാദിത്തം അവര്‍ക്കും കൂടിയാണ്. താനേതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളില്‍പ്പെടുമ്പോള്‍ ചെറിയ രീതിയില്‍ ഞാനതിനെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് അത് സംഭവിച്ചതെന്ന് കരുതാറുണ്ടെന്നും മംമ്ത പറഞ്ഞു.