കൊച്ചി: സംവിധായകന്‍ ലാല്‍ ജോസിനെതിരെ നടനും സംവിധായകനുമായ ആഷിക് അബു രംഗത്ത്. രാമലീല എന്ന ചിത്രത്തിനു ലഭിച്ച സ്വീകാര്യത ജനകീയ കോടതിയിലെ ദിലീപിന്‍റെ വിജയമാണ് എന്ന താരത്തില്‍ ലാല്‍ ജോസ് നടത്തിയ പ്രതികരണമാണു സിനിമാ മേഖലയില്‍ ഉള്ള പലരേയും ചൊടിപ്പിച്ചത്. ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ലാലു ചേട്ടന്‍ ചെയ്തത് എന്നായിരുന്നു ആഷിക് അബുവിന്‍റെ പ്രതികരണം. 

ദിലീപേട്ടനുമായുള്ള ബന്ധംവച്ചാകാം അദ്ദേഹം അങ്ങനെയൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ചെയ്തത്. എന്നാല്‍ ഇത് സിനിമയല്ല യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് അത് വലിയ ചര്‍ച്ചയുമായത്. ഒന്നും ആലോചിക്കാതെ അമിതാവേശത്തില്‍ എടുത്തൊരു തീരുമാനമായിപ്പോയി ഇത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണ് ലാലുചേട്ടന്‍ ചെയ്തത്. ആഷിക് അബു പറഞ്ഞു. ദിലീപിന്റെ വിജയമാണ് ഈ സിനിമയ്ക്ക് നേട്ടമായതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം വിഭാഗമുണ്ട്. അവര്‍ വസ്തുതകളെ കാണാന്‍ തയ്യാറാകുന്നില്ല. 

എന്താണ് ഇവിടെ നടന്നത് എന്നതിന്‍റെ ഗൗരവമാണ് ഈ ആഘോഷങ്ങള്‍ ഇല്ലാതാക്കുന്നത്. ഇത്തരം വികാരപ്രകടനങ്ങള്‍ കെടുത്തി കളയുന്നത് ആ കേസിന്‍റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തില്‍ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങള്‍. കുരുന്നുകളോട് പോലും ഇത്തരം ചിന്തകള്‍ വച്ച് പുലര്‍ത്തുന്ന ആളുകളുടെ മനോഭാവം തന്നെയാണ് ഈ ആള്‍ക്കൂട്ടങ്ങളും കാണിക്കുന്നത്. 

അതില്‍ വളരെ വേദന തോന്നുന്നു. ഈ കേസിന്റെ ഗൗരവം മുഴുവന്‍ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോകുകയും ചെയ്യുന്നു എന്ന് ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ ആഷിഖ് അബു പറഞ്ഞു.