കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയെ ഇതിവൃത്തമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ തുടക്കം. നാല് മാസം മുമ്പാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, രേവതി, രമ്യ നമ്പീശന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കും. ഫഹദ് അതിഥി താരമായി എത്തും. ഒ പി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വിഷു റിലീസ് ആയിരിക്കും.

രാജീവ് രവിയാണ് ‘വൈറസി’ന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുക. സുഡാനി ഫ്രം നൈജീരിയയുടെ തിരകഥാകൃത്ത് മുഹ്സിൻ പരാരി, വരത്തൻ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. യുവ സംഗീത സംവിധായകനായ സുശിന്‍ ശ്യാം ചിത്രത്തിൽ സംഗീത സംവിധാനം നിര്‍വ്വഹിക്കും. എഡിറ്റിംഗ് സൈജു ശ്രീധരൻ.