കൊച്ചി: ഏറെ വിവാദങ്ങളുണ്ടാക്കിയ അഭയ കേസ് ബോളീവുഡ് സിനിമയാകുന്നു. കേസിൽ നിയമപോരാട്ടം നടത്തുന്ന ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ ഇർഫാൻ ഖാനാകും നായകൻ. 1992 മാർച്ച് 27ന് നടന്ന കൊലപാതകം, മാറി മാറി വന്ന വിവിധ ഏജൻസികളുടെ അന്വേഷണം, നീണ്ട 25 വർഷത്തെ കോടതി നടപടികൾ, ഇപ്പോഴും തുടരുന്ന നിയമപോരാട്ടം എല്ലാം അഭ്രപാളിയിലേക്ക് പകർത്താനെത്തുന്നത് മുംബൈ ആസ്ഥാനമായ നിർമ്മാണ കമ്പിനികളാണ്.

ഐസിഎം എന്‍റര്‍റ്റെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിനും കാള്‍ട്ട് എന്‍റര്‍റ്റെയ്ന്‍മെന്‍റിനും വേണ്ടി നിർമ്മാതാവ് ആദിത്യ ജോഷി താനുമായി ചർച്ച നടത്തിയെന്ന് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. അഭയ കേസ് ഡയറി എന്ന പേരിൽ ജോമോൻ എഴുതിയ ആത്മകഥ അടിസ്ഥാനമാക്കിയാകും സിനിമ ഒരുക്കുക. ഈ മാസം 31ന് കരാറൊപ്പുവയ്ക്കും. ബോളിവുഡ് നടൻ ഇർഫാൻ ഖാനാകും നായകനെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഒരു വർഷത്തിനകം ചിത്രീകരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും കേരളത്തിൽ തന്നെ ചിത്രീകരിക്കാനാണ് ആഗ്രഹമെന്നും നിർമ്മാതാക്കൾ പറഞ്ഞതായി ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. അഭയ കേസ് പശ്ചാത്തലമാക്കി ക്രൈംഫയൽ എന്ന ചിത്രം നേരത്തെ മലയാളത്തിൽ ഇറങ്ങിയിരുന്നു. സിബിഐ അന്വേഷണത്തിന് ശേഷമുള്ള വിചാരണ നടക്കാനിരിക്കെയാണ് ഒട്ടേറെ വിവാദങ്ങൾക്ക് വഴി വച്ച കേസ് സിനിമയാക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.