അബ്രഹാമിന്‍റെ സന്തതികളുടെ ട്രെയിലര്‍ പുറത്തിറങ്ങി ത്രില്ലറമായി മമ്മൂട്ടിയെത്തുന്നു
കൊച്ചി: ആരാധകര് ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര് പുറത്തിറങ്ങി. സസ്പെന്സ് ആവോളമുള്ള ഒരു ത്രില്ലര് സിനിമയ്ക്കു വേണ്ട എല്ലാ രുചുക്കൂട്ടുകളും നിറച്ചാണ് ഷാജി പാടൂര് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര് എത്തിയിരിക്കുന്നത്. സ്റ്റൈലിഷ് സോള്ട്ട് ആന്ഡ് പെപ്പര് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്ന് നേരത്തേ പുറത്തിറങ്ങിയ പോസ്റ്ററുകളില് നിന്ന് വ്യക്തമായിരുന്നു. എന്നാല്, ട്രെയിലറില് മമ്മൂട്ടിയുടെ ഡെറിക് എബ്രഹാം എന്ന കഥാപാത്രത്തിന്റെ മുഖം എവിടെയും കാണിക്കുന്നില്ല.
ചിത്രം ജൂണ് 16നാണ് തീയറ്ററുകളില് എത്തുന്നത്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും അബ്രഹാമിന്റെ സന്തതികള്ക്കുണ്ട്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വില് എന്റര്ടേയിന്മെന്റിന്റെ ബാനറില് ബോബി ജോര്ജാണ് ചിത്രത്തിന്റെ നിര്മാണം. മഹേഷ് നാരായണന് എഡിറ്റിംഗും ആല്ബി ഛായാഗ്രഹണവും നിര്വഹിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീതവും പശ്ചാത്തല സംഗീതവും.

