മിമിക്രിക്കാരനായിട്ടായിരുന്നു അബിയുടെ തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.
ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാ ലോകത്തേക്ക് കടന്നത്. അതിന്ശേഷം 50ലേറെ ചിത്രങ്ങളില്‍ അബി അഭിനയിച്ചു. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന അബി പിന്നീട് ബിഗ് സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കണ്ടത്.
പിന്നീട് ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ അബി തന്നെ അതിന് കാരണം വ്യക്തമാക്കുകയും ചെയ്തു. താന്‍ ആരോടും അവസരം ചോദിച്ച് പിന്നാലെ നടന്നില്ലെന്നായിരുന്നു അബിയുടെ മറുപടി.
തനിക്ക് ആരും അര്‍ഹിക്കുന്ന പരിഗണന തന്നില്ല എന്നത് സത്യമാണ്. അതില്‍ തന്റെ പിഴവും കാണും. ഞാന്‍ മദ്യപിക്കില്ല.. പിന്നാലെ ചാന്‍സ് ചോദിച്ചുകൊണ്ട് നടക്കുന്ന ശീലവും ഇല്ലാത്തതുകൊണ്ടാവാം താന്‍ തഴയപ്പെട്ടത് എന്നായിരുന്നു അബിയുടെ വെളിപ്പെടുത്തലും, ന്യായീകരണവും.
സിനിമയുടെ മദ്യപന സദസുകളില്‍ പങ്കെടുക്കാതിരുന്നതും തഴയപ്പെടുന്നതിനു കാരണമായെന്ന് ഈ കലാകാരന് വിശ്വസിച്ചു പോന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്ന പാരകള്‍ തടയാന്‍ ആരുമില്ലാതിരുന്നതും തടസ്സമായെന്നും അബി തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം ലാല്‍ ജോസിനെ പോലെ ഉള്ള ചുരുക്കം ചിലര്‍ തന്നെ സഹായിച്ചതായും അബി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത്.

രക്തത്തിൽ പ്ലേറ്റ്ലെറ്റുകൾ കുറയുന്ന രോഗത്തിന് അബി ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അബിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
