ബെംഗളൂരു: കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ പ്രമുഖതാരവുമായിരുന്ന ധ്രുവ് ശര്‍മ്മ (35) അന്തരിച്ചു. ശനിയാഴ്ച്ച വീട്ടില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ധ്രുവിനെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങി. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധ്രുവിന് ചില കുടുംബ-സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ആത്മഹത്യ ചെയ്തതാകാമെന്നും റിപ്പോര്‍ട്ടുണ്ട്. കേള്‍വി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത്. ധ്രുവിന്റെ അഭിനയം കണ്ടാല്‍ അദ്ദേഹത്തിന് കേള്‍വിശക്തിയോ സംസാരശേഷിയോ ഇല്ലെന്ന് തിരിച്ചറിയാന്‍ കവിയില്ലായരുന്നു. സ്‌നേഹാഞ്ജലി, ബാംഗ്ലൂര്‍ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിച്ചാ സുദീപിന്റെ ടീമായ കര്‍ണാടക ബുള്‍ഡോസേഴ്‌സിന്റെ പ്രധാന താരമായിരുന്നു ധ്രുവ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആറ് സീസണുകളിലും ധ്രുുവ് കളിച്ചിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സി.സി.എല്ലിലും ധ്രുവ് ആരാധകരെ നേടിയെടുത്തു.
