കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ഓണാഘോഷം ഇത്തവണ ജയിലിലായിരുന്നു. ഹൈക്കോടതി രണ്ട് തവണ ജാമ്യം നിഷേധിച്ച ശേഷം വീണ്ടും ആലുവ സബ് ജയിലില്‍ കഴിയേണ്ടിവന്നതോടെ താരത്തിന്റെ തിരുവോണവും ജയിലില്‍ തന്നെയായി. 

തിരുവോണദിവസം മറ്റ് തടവുകാരോടൊപ്പം ഇരുന്നാണ് ദിലീപ് ഓണസദ്യകഴിച്ചത്. സുഹൃത്തും നടനുമായ ജയറാമായിരുന്നു ഇന്ന് ദിലീപിന്റെ പ്രധാന സന്ദര്‍ശകന്‍. വിശേഷ ദിവസങ്ങളെല്ലാം ജയിലിനുള്ളിലും വിപുലമായ പരിപാടികളോടെ ആഘോഷിക്കാറുണ്ട്. തിരുവോണ ദിവസമായ ഇന്ന് ജീസസ് ഫ്രട്ടേര്‍ണിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തകരും കുട്ടികളും ജയിലിലെ അന്തേവാസികള്‍ക്കായി നിരവധി കലാകായികപരിപാടികള്‍ സംഘടിപ്പിച്ചു. 

രാവിലെ 10.30 മുതല്‍ 11.30 വരെ തടവുകാര്‍ക്കായി ചെസ്സ്, ക്യാരംസ് മത്സരങ്ങളും, ഓണക്കളികളും ഒരുക്കിയിരുന്നു. എന്നാല്‍ ദിലീപ് ഈ പരിപാടികളെല്ലാം നടക്കുന്ന സമയത്ത് സെല്ലിനുള്ളില്‍ തന്നെയായിരുന്നു. ഒരു മണിയോടെ ജയിലില്‍ തന്നെ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി. അപ്പോള്‍ മാത്രമാണ് ദിലീപ് സെല്ലില്‍ നിന്നും പുറത്തേക്ക് വന്നത്. 

യാതൊരു താരജാഡകളുമില്ലാതെ മറ്റ് തടവുകാര്‍ക്കൊപ്പം ഇരുന്ന് ദിലീപ് ഓണസദ്യ കഴിച്ചു. തീര്‍ത്തും നിര്‍വികാരനായായിരുന്നു ദിലീപ്. സദ്യ കഴിച്ചശേഷം ദിലീപ് സെല്ലിനുള്ളിലേക്ക് തന്നെ മടങ്ങി. ദിലീപിനെ കാണുന്നതിനായി ശരത്ത് എന്ന സുഹൃത്ത് ഇന്ന് രാവിലെ മുതല്‍ കാത്തിരുന്നെങ്കിലും വൈകുന്നേരമാണ് ദിലീപിനെ കാണാനായത്. വീട്ടില്‍ നിന്നുള്ള പായസം ദിലീപിന് കൊടുക്കുന്നതിന് വേണ്ടിയാണ് ശരത്ത് എത്തിയത് എന്നാല്‍ ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായത് കൊണ്ട് ഈ ശ്രമം ഉപേക്ഷിച്ചു. ദിലീപിന്രെ അമ്മയെ ജയിലിലെത്തിക്കാന്‍ ആലോചന നടന്നിരുന്നെങ്കിലും ഈ ശ്രമം പിന്നിട് ഉപേക്ഷിക്കുകയായിരുന്നു.