Asianet News MalayalamAsianet News Malayalam

'ഞാനിടയ്ക്ക് പോകും, വരും... ഒരുത്തനുമെന്നെ ടാറ്റാ തന്ന് വിടേണ്ട'; തിരിച്ച് വരവില്‍ ട്രോളുമായി ജഗതി

താനഭിനയിച്ച ചോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് താന്‍ തിരിച്ചു വരുന്ന വിവരം ജഗതി ശ്രീകുമാര്‍ ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്.

Actor Jagathy sreekumar share his comedy video in official Facebook page
Author
Thiruvananthapuram, First Published Feb 19, 2019, 11:01 PM IST

തിരുവനന്തപുരം: മലയാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങിവരുകയാണ്. ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യചിത്രത്തിലൂടെയാണ് മലയാളികളുടെ അമ്പിളിച്ചേട്ടന്‍ സ്ക്രീനിലേക്ക് തിരിച്ചെത്തിയത്.  ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ്കുമാറാണ് ഈ ശുഭവാർത്ത അറിയിച്ചത്. ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത സ്വീകരിച്ചത്. താനഭിനയിച്ച ചോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് താന്‍ തിരിച്ചു വരുന്ന വിവരം ജഗതി ശ്രീകുമാര്‍ ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ നായകനായെത്തിയ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാമുംബയിലെ കോമഡി രംഗം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജഗതി പങ്കുവച്ചു. ഞാനിടയ്ക്ക് പോകും, വരും. എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട- ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രം പടക്കം ബഷീര്‍ പറയുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഏറെ സന്തോഷത്തോടെയാണ് വീഡിയോയ്ക്ക് മറുപടിയുമായി ആരാധകരെത്തിയത്. 

കേരളം കാത്തിരുന്ന നിമിഷങ്ങളാണെന്ന് ആരാധകര്‍ കമന്‍റായി കുറിക്കുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. 

2012 മാര്‍ച്ച് മാസം മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അന്നുതൊട്ടിന്നോളം മഹാനടന്‍റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും കലാലോകവും.
 

Follow Us:
Download App:
  • android
  • ios