Asianet News MalayalamAsianet News Malayalam

കേസില്‍ കാര്യമില്ല; പ്രതികളെ 'നന്നായൊന്നു കണ്ടാല്‍'  തീരും പൈറസി: ജോയ് മാത്യു

Actor Joy Mathew suggests violent solution to check piracy
Author
Thiruvananthapuram, First Published Apr 27, 2016, 9:51 AM IST

തിരുനന്തപുരം: മലയാള സിനിമയെ ഗുരുതരമായി ബാധിച്ച പൈറസി പ്രശ്‌നത്തിന് കേസ് അല്ലാത്ത വ്യത്യസ്തമായ പരിഹാരവുമായി നടന്‍ ജോയ് മാത്യു. സിനിമ നെറ്റില്‍ പ്രചരിപ്പിക്കുന്നവരെ കണ്ടുപിടിച്ച് അവരെയോ ബന്ധുക്കളെയോ 'നല്ല രീതിയില്‍ കണ്ടാല്‍' പ്രശ്‌നം തീരുമെന്നാണ് ജോയ് മാത്യുവിന്റെ പക്ഷം. ബാങ്കുകാര്‍ കിട്ടാക്കടം പിരിക്കാന്‍ ആളെ വിടുന്ന മാതൃകയില്‍ ആളെ വിട്ടാല്‍ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ വ്യാജ സിനിമാ പ്രശ്‌നമെന്നും 'സിനിമാക്കാര്‍ക്ക് നടപ്പില്‍ വരുത്താവുന്ന ചില 'നല്ല കാര്യങ്ങള്‍' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ജോയ് മാത്യു പറയുന്നു. 

'വ്യാജ സിനിമാ പതിപ്പ് നെറ്റില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസിനു പോകുന്നതിലും നല്ലത് ,അവരുടെ പ്രൊഫൈല്‍ നോക്കി നാട്ടിലെ അവനെയോ അവന്റെ നാട്ടിലെ ബന്ധുക്കളെയോ  'നല്ലരീതിയില്‍' ഒന്ന് കണ്ടാല്‍ സംഗതി ക്ലീനാവും എന്നാണു എന്റെ ഒരു ഇത് . വലിയ ബാങ്കുകള്‍ പോലും ക്രെഡിറ്റ് കാര്‍ഡ് സംഖ്യ പിരിക്കാന്‍വരെ ഇത്തരം രീതിയാണത്രെ ഉപയോഗപ്പെടുത്തിയത് ,അവര്‍ക്കെന്താ നിയമത്തിന്റെ വഴി അറിയാഞ്ഞിട്ടാണോ ?'-എന്നാണ് ജോയ് മാത്യു പറയുന്നത്. 

മലയാളി മലയാളിക്കുതന്നെ പാരവെക്കും എന്ന അടിസ്ഥാന തത്വത്തെ അടിവരയിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് . തങ്ങള്‍ അതി ബുദ്ധിമാന്മാരാണ് എന്ന് കാണിക്കാന്‍ അവസരം കാത്തിരിക്കുന്ന അല്പന്മാരായ മലയാളി കമ്പ്യൂട്ടര്‍ ജീവികള്‍ 'ലീല 'ഇന്റര്‍നെറ്റ് റിലീസ് സമയത്തുതന്നെ കോപ്പി ചെയ്യുകയും വ്യാജ കോപ്പികള്‍ നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതാണ് പോസ്റ്റ്:

മലയാള സിനിമ എക്കാലവും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് വിതരണത്തെ സംബന്ധിക്കുന്ന പ്രശ്‌നം .മറ്റേത് ഉല്‍പ്പന്നവുമെന്ന പോലെ സിനിമയുടേയും end point വിതരണക്കാരനിലാണ്.

നൂറു ദിവസം ഓടിയ സിനിമകള്‍ക്ക് പോലും നഷടത്തിന്റെ കണക്കു നിര്‍മ്മാതാക്കള്‍ക്ക് നല്കുന്നവരാണ് അധികവും (ഇതിനു ചുരുക്കം ചില അപവാദങ്ങള്‍ ഉണ്ട് എന്നും പറഞ്ഞുകൊള്ളട്ടെ).ഇന്ത്യക്കകത്ത് ഇതാണ് സ്ഥിതി.ലോകത്തെബാടും പരന്നുകിടക്കുന്ന ലക്ഷക്കണക്കിനു പ്രേക്ഷര്‍ക്ക് മലയാള സിനിമ കാണിക്കുവാന്‍ വിദേശത്തെ സിനിമാ വിതരണരംഗത്തെ ചില കുലപതികള്‍ക്കേ പറ്റൂ.അല്ലെങ്കില്‍ സിനിമയുടെ ഡി.വി.ഡി യോ സി.ഡി യോ ഇറങ്ങണം.ഇന്റര്‍നെറ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് സിനിമ കാണുവാന്‍ സാധിക്കുന്ന വിപ്ലവകരമായ സാധ്യതയാണ് രഞ്ജിത്തിന്റെ 'ലീല 'എന്ന സിനിമയിലൂടെ സാധ്യമായത്. ഇത് ഒരു ചരിത്രമാണ്: അതേസമയം വിതരണരംഗത്തെ മാഫിയകള്‍ക്ക് കനത്ത പ്രഹരവും .

പ്രേക്ഷകര്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്ന മുതലാളിത്തത്തിനു അതെ നാണയത്തില്‍ കൊടുക്കാവുന്ന പ്രഹരം. വിദേശത്തുള്ള സാധാരണക്കാരായ പ്രേക്ഷര്‍ക്ക് തിയറ്ററില്‍ പോയി സിനിമകാണുന്നതിനേക്കാള്‍ സമയസാമ്പത്തിക ഇന്ധന ലാഭവും. 

എന്നാല്‍ മലയാളി മലയാളിക്കുതന്നെ പാരവെക്കും എന്ന അടിസ്ഥാന തത്വത്തെ അടിവരയിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് . തങ്ങള്‍ അതി ബുദ്ധിമാന്മാരാണ് എന്ന് കാണിക്കാന്‍ അവസരം കാത്തിരിക്കുന്ന അല്പന്മാരായ മലയാളി കമ്പ്യൂട്ടര്‍ ജീവികള്‍ 'ലീല 'ഇന്റര്‍നെറ്റ് റിലീസ് സമയത്തുതന്നെ കോപ്പി ചെയ്യുകയും വ്യാജ കോപ്പികള്‍ നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് 'ലീല' എന്ന സിനിമയുടെ നിര്‍മാതാവിന് സംഭവിച്ച വന്‍ നഷ്ടം മാത്രമായി കുറച്ചുകാണരുത് ,മറിച്ചു ലോകമെമ്പാടുമുള്ള സിനിമാസ്‌നേഹികളോടുള്ള ക്രൂരതയായി വേണം കാണുവാന്‍.

ഇനിയും ഒരു നിര്‍മാതാവ് ഇത്തരം സാഹസത്തിന് മുതിരുമോ ? ചതിച്ചത് 'ലീല'യുടെ നിര്‍മ്മാതാവിനെയല്ല എകാന്തരും പ്രവാസികളുമായ ലക്ഷക്കണക്കിനു മലയാളി സിനിമാസ്വാദകരെയാണു. വ്യാജ പതിപ്പുകാരെ പിടിക്കുവാനും നിയമ നടപടിയെടുക്കുവാനും നിയമത്തില്‍ വ്യവസ്ഥയുണ്ട് എന്ന് ആഭ്യന്തരമന്ത്രിയും നിയമവും പറയുബോള്‍തന്നെ ഇവര്‍ക്കൊക്കെ രക്ഷപ്പെടാന്‍ നിയമത്തിന്റെതന്നെ പഴുതുകളും ഉണ്ടെന്നുള്ളതാണ് സത്യം .'പ്രേമം 'എന്ന സിനിമയും അതുയര്‍ത്തിയ പുകിലും ഇപ്പോള്‍ എവിടെപ്പോയ് മറഞ്ഞു?

വിപ്ലവത്തിന് നേത്രുത്വം കൊടുക്കുന്നതും മലയാളി അതിന് കടക്ക് കത്തിവെക്കുന്നതും മലയാളി വെറുതെയല്ല നാം നന്നാവാത്തത്

വ്യാജ സിനിമാ പതിപ്പ് നെറ്റില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസിനു പോകുന്നതിലും നല്ലത് ,അവരുടെ പ്രൊഫൈല്‍ നോക്കി നാട്ടിലെ അവനെയോ അവന്റെ നാട്ടിലെ ബന്ധുക്കളെയോ  'നല്ലരീതിയില്‍' ഒന്ന് കണ്ടാല്‍ സംഗതി ക്ലീനാവും എന്നാണു എന്റെ ഒരു ഇത് .
വലിയ ബാങ്കുകള്‍ പോലും ക്രെഡിറ്റ് കാര്‍ഡ് സംഖ്യ പിരിക്കാന്‍വരെ ഇത്തരം രീതിയാണത്രെ ഉപയോഗപ്പെടുത്തിയത് ,അവര്‍ക്കെന്താ നിയമത്തിന്റെ വഴി അറിയാഞ്ഞിട്ടാണോ ?'

സിനിമകാര്‍ക്കാണോ ഇതിനൊക്കെ പ്രയാസം ? കോപ്പി ഉണ്ടാക്കുന്ന ഒരുത്തനു ഒരു സാമ്പിള്‍ കൊടുത്തു നോക്കൂ ,അതോടെ ഈ പണി നിര്‍ത്തും. ചില കാര്യങ്ങള്‍ക്ക് ഇത്തരം 'നല്ല രീതികള്‍' എത്രമാത്രം ഉപകാരപ്രദമാണെന്നു നോക്കൂ ..

Follow Us:
Download App:
  • android
  • ios