മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയത്തിന് കുടുംബത്തോടൊപ്പം നൃത്തം ചെയ്ത് നടനും സംവിധായകനും നിര്‍മാതാവുമായ ലാല്‍. പഞ്ചാബി ലുക്കിലെത്തിയ ലാല്‍ ബോളിവുഡ് ചിത്രങ്ങളിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മകൾക്കും മകനുമൊപ്പം നൃത്തം ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

വീഡിയോ കാണാം

പാട്ടും നൃത്തവുമായി ആഘോഷങ്ങൾ അരങ്ങേറുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് ഹരിശ്രീ അശോകൻ കടന്നുവന്നു. ബാലു വർഗീസിനോട് പാട്ട് നിർത്താൻ ആവശ്യപ്പെടുകയും ലാലിന്‍റെ മകളുടെ കല്യാണത്തിന് പഞ്ചാബി ഹൗസിലെ പാട്ടാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ആളുകൾ കരഘോഷത്തോടെയാണ് ഈ നിർദേശം സ്വീകരിച്ചത്. തുടർന്ന് പഞ്ചാബി രീതിയിൽ ധോൽ കൊട്ടി ‘ഉദിച്ച ചന്തിരന്‍റെ ‘എന്ന പാട്ടിനോടൊപ്പം ലാൽ തന്നെ ആഘോഷങ്ങൾ കളറാക്കി. 

തുടര്‍ന്ന് ബണ്ടി ഓർ ബബ്ളി എന്ന ചിത്രത്തിൽ ഐശ്വര്യ റായിയും അഭിഷേകും അമിതാഭ് ബച്ചനും ചേർന്നു പാടിക്കളിച്ച കജ്റാ രേ എന്ന ഗാനത്തിനോടൊപ്പമായിരുന്നു ലാലിന്‍റെയും മക്കളുടെയും നൃത്തം.

എറണാകുളത്തെ ഒരു ഹോട്ടലിലായിരുന്നു മോണിക്കയുടെ വിവാഹ നിശ്ചയം നടന്നത്. വൻ താരനിരയും ചടങ്ങിന് എത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും ഡാന്‍സിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അലന്‍ ആണ് വരന്‍. ജനുവരിയിലായിരിക്കും വിവാഹം.