മനോജ് കെ ജയനും ആശയും വിവാഹിതരായിട്ട് 14 വര്‍ഷം.
മലയാളത്തിന്റെ പ്രിയ താരമാണ് മനോജ് കെ ജയൻ. കാലങ്ങളായുന്ന തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഒപ്പം തമിഴിലും. അഭിനേതാവിന് പുറമെ നല്ലൊരു ഗായകൻ കൂടിയായ മനോജ് തന്റെ വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ആശയെ കുറിച്ച് എഴുതിയ വരികൾ ശ്രദ്ധനേടുകയാണ്.
ഈഫൽ ടവറിന് മുന്നിൽ നിന്നുമുള്ള ഇരുവരുടേയും ഫോട്ടോ പങ്കിട്ടാണ് മനോജ് കെ ജയന്റെ വാക്കുകൾ. ആശയും മനോജും വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് പതിനാല് വർഷം തികഞ്ഞിരിക്കുകയാണ്. "ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വർഷം കഴിഞ്ഞു. ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നിൽ ഏത് ഈഫൽ ടവറും..നിഷ്പ്രഭം. ദൈവത്തിന് നന്ദി", എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തിയത്.
അതേസമയം, മനോജ് കെ ജയന്‍റെ മകള്‍ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 'സുന്ദരിയായവൾ സ്റ്റെല്ല' എന്നാണ് കുഞ്ഞാറ്റയുടെ ആദ്യ ചിത്രത്തിന്‍റെ പേര്. സർജാനോ ഖാലിദ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പീറ്റർ ആണ് സുന്ദരിയായവൾ സ്റ്റെല്ലയുടെ കഥയും സംവിധാനവും നിർവഹിക്കുന്നത്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം.
നേരത്തെ ഒരഭിമുഖത്തിൽ കുഞ്ഞാറ്റ സിനിമയിലേക്ക് വരുന്നുണ്ടെന്ന് മനോജ് കെ ജയനും പറഞ്ഞിരുന്നു. മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. 2000ത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. ഉവര്‍ശിയുടേ അനുവാദം വാങ്ങാനാണ് സിനിമാഗ്രഹം പറഞ്ഞപ്പോള്‍ കുഞ്ഞാറ്റയോട് ആദ്യം പറഞ്ഞതെന്ന് നേരത്തെ മനോജ് കെ ജയന്‍ പറഞ്ഞിരുന്നു.

