ഇതൊരു സ്വപ്നം കാണാത്ത നിമിഷമാണെന്ന് മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. 

ദില്ലി: സിനിമാ മേഖലക്കാകെയുള്ള പുരസ്കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. പുരസ്കാരം മലയാള സിനിമക്കും, പ്രേക്ഷകർക്കും സമർപ്പിക്കുകയാണ്. കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ദില്ലിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ കയ്യിൽ നിന്നാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്. നിറ കയ്യടികളോടെ ആയിരുന്നു സദസ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡ് ദാന വേദിയിൽ ഉണ്ടായിരുന്നു. 

മോഹൻലാലിനെ പ്രശംസിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ്

2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ 'ലാലേട്ടൻ' എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ്‌ ജാജു സ്വാ​ഗതം ചെയ്തത്. മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കൾ ഒരു ഉ​ഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്‍റെ സിനിമാ ജീവിതം സദസില്‍ സ്ക്രീന്‍ ചെയ്യുകയും ചെയ്തു.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി അഭിനേതാക്കൾ

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി അഭിനേതാക്കൾ. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. കേരളം നേരിട്ട പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്റണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം സ്വീകരിച്ചു. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയും നേടി. ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. ക്രിസ്റ്റോയുടെ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്.

YouTube video player