ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത്‌ ആത്മഹത്യ ചെയ്‌ത അനിതയുടെ വീട്‌ നടന്‍ വിജയ്‌ സന്ദര്‍ശിച്ചു. അനിതയുടെ മാതാപിതാക്കളോടും ബന്ധുക്കളോടും സംസാരിച്ച വിജയ്‌ പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.

തിരുച്ചിറപ്പള്ളി ഗാന്ധി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഷണ്‍മുഖന്റെ മകളാണ്‌ അനിത. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 98 ശതമാനം മാര്‍ക്ക്‌ കരസ്ഥമാക്കിയ അനിതയ്‌ക്ക്‌ നീറ്റ്‌ പരീക്ഷയില്‍ മെഡിക്കല്‍ പ്രേവേശനം ലഭിച്ചിരുന്നില്ല. പത്താംക്ലാസ്‌ പരീക്ഷയില്‍ അനിത 500 ല്‍ 422 മാര്‍ക്ക്‌ നേടിയിരുന്നു. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200 ല്‍ 1176 മാര്‍ക്കു നേടിയിരുന്നു.


അനിതയുടെ മരണത്തെ തുടര്‍ന്ന തമിഴ്‌നാട്ടില്‍ നീറ്റ്‌ പരീക്ഷയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമാകുകയാണ്‌. ഇതേസമയം സമരം ജനജീവിതത്തെ ബാധിക്കരുതെന്നും ആരേയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന്‌ ശേഷവും പ്രതിഷേധം കുറഞ്ഞില്ല. ചെന്നൈ തരമണി ലോ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ പഠനം മുടക്കി സമരം നടത്തുകയാണ്‌. ന്യൂ കോളേജിലും സമരം തുടരുകയാണ്‌.