പേരുമാറ്റി മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് യുവാക്കളുമായി പ്രണയത്തിലായി അവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവനടി അറസ്റ്റില്‍. പ്രദര്‍ശനത്തിന് എത്താത്ത തമിഴ് സിനിമ 'ആടി പോണ ആവണിയിലെ' നായിക ശ്രുതി പട്ടേലാണ് അറസ്റ്റിലായത്. ശ്രുതിയുടെ ആള്‍മാറാട്ട ചതിയില്‍പ്പെട്ടത് അഞ്ചിലധികം യുവാക്കള്‍ ആണ്. ഏറ്റവും ഒടുവില്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ ചതിയില്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് ശ്രുതി പോലീസിന്റെ വലയില്‍ അകപ്പെട്ടത്.
സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിംഗ് നിന്ന് 41 ലക്ഷം രൂപയാണ് ശ്രുതിയും കുടുംബവും തട്ടിയെടുത്തത്. ജര്‍മനിയിലെ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സേലം സ്വദേശി ബാലമുരുന്റെ പണമാണ് അവസാനമായി ശ്രുതി തട്ടിയെടുത്തത്. മൈഥിലി വെങ്കിടേഷ് എന്ന പേരിലാണ് ശ്രുതി യുവാക്കളെ പരിചയപ്പെടുത്തുന്നത്. ഇവരുടെ അമ്മയും സഹോദരനും പിതാവുമായി അഭിനയിച്ചയാളും പോലീസ് കസ്റ്റഡിയിലാണ്.
സംഭവം ഇങ്ങനെ, മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്തതനുസരിച്ച് ശ്രുതി തന്റെ ഫോട്ടോകള്‍ ബാലമുരുകന് അയച്ചുകൊടുത്തു. ഇതിന് ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ബാലമുരുകന് ശ്രുതിയെ നേരില്‍ കാണാനായി യുകെയിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുത്തു. അവിടെ ശ്രുതിക്ക് വേണ്ടി ലക്ഷങ്ങളാണ് ചെലവാക്കിയത്. പിന്നീട് ബാലമുരുകന്‍ കോയമ്പത്തൂരില്‍ വരികയും ശ്രുതിക്കൊപ്പം ചെലവഴിക്കുകയും ചെയ്തു.
എന്നാല്‍ തനിക്ക് ബ്രയിന്‍ ട്രൂമറാണെന്ന് പറഞ്ഞ് ശ്രുതി ഇയാളില്‍ നിന്ന് പലപ്പോഴായി 41 ലക്ഷം രൂപ വാങ്ങി. അതേസമയം വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് കാണിച്ച് ബാലമുരുകന്‍ സുഹൃത്തുക്കള്‍ ശ്രുതിയുടെ ഫോട്ടോ അയച്ചതോടെയാണ് നടിയുടെ കള്ളക്കളി പുറത്തുവന്നത്. ശ്രുതിയുടെ തട്ടിപ്പ് മനസ്സിലായതോടെ ബാലമുരുകന്‍ ക്രൈംബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു.
21 വയസ്സുള്ള നടി അഞ്ചിലധികം യുവാക്കളില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിയത്. ഇതിന് മുന്‍പ് സന്തോഷ് കുമാര്‍ എന്ന യാള്‍ നടിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇയാളില്‍ നിന്ന് 43 ലക്ഷം തട്ടിയെന്നാണ് കേസ്. ഇതുപോലെ നാമക്കലിലെ ശശികുമാര്‍ എന്നയാളില്‍ നിന്നും 22 ലക്ഷവും, നാഗപട്ടണത്തെ സുന്ദറില്‍ നിന്നും 15 ലക്ഷവും, കൂടല്ലൂര്‍ ചിദംബരത്തെ കുമാരാഗുരുവ രാജയില്‍ നിന്നും 21 ലക്ഷവും ശ്രുതി തട്ടിയെടുത്തിട്ടുണ്ട്.
