താനിവിടെ ഇല്ലെങ്കിലും ചലച്ചിത്ര മേളയുടെ നടത്തിപ്പിൽ വെർച്വൽ ആയി ഇടപെട്ടിരുന്നുവെന്ന് അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. ചില വിദേശ സംവിധായർക്ക് കേന്ദ്രം വിസ നിഷേധിച്ചുവെന്നും വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാരണമാണ് പറഞ്ഞതെന്നും റസൂൽ പൂക്കുട്ടി. 

തിരുവനന്തപുരം: തന്റെ അസാന്നിധ്യം ചലച്ചിത്ര മേളയെ ബാധിച്ചിട്ടില്ലെന്ന് അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. താൻ ഇവിടെ ഇല്ലായിരുന്നു എന്നേയുള്ളൂവെന്നും വെർച്വൽ ആയി ഓരോ നിമിഷവും മേളയുടെ സംഘാടനത്തിൽ ഉണ്ടായിരുന്നുവെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ലണ്ടനിലെ അസൈൻമെൻ്റ് നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. ചില വിദേശ സംവിധായർക്ക് കേന്ദ്രം വിസ നിഷേധിച്ചുവെന്നും വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാരണമാണ് പറഞ്ഞതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അക്കാദമി ചെയർമാൻ. മേള നടക്കുമ്പോൾ അക്കാദമി ചെയർമാൻ സ്ഥലത്തില്ലാതിരുന്നത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 

ഐ ആൻ്റ് ബി വാക്കാൽ അനുമതി നൽകിയെന്ന് പറഞ്ഞ പല സിനിമകളും ലിസ്റ്റ് വന്നപ്പോൾ ഉണ്ടായിരുന്നില്ല. ആദ്യം 187 സിനിമകൾക്കും അനുമതി നൽകിയില്ല. വ്യക്തിപരമായി ഇടപെട്ടാണ് അവസാന നിമിഷം അനുമതി വാങ്ങിയെടുത്തത്. ബ്യൂറോക്രസിയുടെ കാലതാമസം ഉണ്ടായി. കേരള സർക്കാർ ഒറ്റ രാത്രി കൊണ്ട് ഒരു രാഷ്ട്രീയ നിലപാടെടുത്തത് കൊണ്ടാണ് 6 സിനിമകൾ ഒഴിച്ചുള്ളവയ്ക്ക് അനുമതി നൽകിയത്. ആറ് സിനിമകളാണ് ഞങ്ങൾ പ്രദർശിപ്പിക്കാതെ ഇരുന്നത്. അത് ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാര്യമാണ്. അത് അംഗീകരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. പിടി കുഞ്ഞഹമ്മദിന്റെ കാര്യത്തിൽ അക്കാദമി വീഴ്ച്ച വാരിത്തിയിട്ടില്ലെന്നും കാലതാമസം ഇല്ലാതെ നടപടി എടുത്തുവെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.