കൊച്ചി: യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഹണീ ബീ ടുവിന്റെ സെറ്റില്‍ വച്ച് സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് യുവനടിയുടെ പരാതി. വാര്‍ത്ത പുറത്തു വന്നതോടെ സിനിമയില്‍ ഒരു പ്രധാനവേഷം അവതരിപ്പിച്ച ആര്യയുടെ പേരും ഇതിനിടെ പറഞ്ഞുകേട്ടു. വാര്‍ത്ത ചൂടുപിടിച്ചതോടെ അവസാനം പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. 

'നിരവധി ഫോണ്‍കാളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി പറയേണ്ടി വന്നതുകൊണ്ടാണ് ഈ പോസ്റ്റ് എഴുതുന്നത്. ആ നടി ഞാനല്ല. എന്തിനാണ് ഞാന്‍ അങ്ങനെയൊരു പരാതി നല്‍കുന്നത്. ആ സിനിമയിലഭിനയിച്ച നിരവധി സ്ത്രീ അഭിനേതാക്കളില്‍ ഒരാളു മാത്രമാണ് ഞാന്‍. ഇതുവരെ പ്രവര്‍ത്തിച്ച സിനികളില്‍ വളരെ സൗഹാര്‍ദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി ടുവിന്റെ സെറ്റെന്ന് ആര്യ ഫേസ്ബുക്ക്‌പോസ്റ്റിലൂടെ വ്യക്തമാക്കി.

ഒരു കുടുംബത്തിലെ പോലെയായിരുന്നു ഞങ്ങളെല്ലാവരും. ലൊക്കേഷനിലുണ്ടായിരുന്ന മുഴുവന്‍ വനിതാ താരങ്ങള്‍ക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു.' 'ഇതൊന്നും കൂടാതെ ലാല്‍ സാറിന്റെ മുഴുവന്‍ കുടുംബവും ജീന്‍ ചേട്ടന്റെ ഭാര്യയും മകനും മുഴുവന്‍ സമയവും സെറ്റില്‍ ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാന്‍ മുകളില്‍ പറഞ്ഞത്, ഇതൊരു കുടുംബം പോലെയായിരുന്നെന്ന്. കൃത്യസമയത്ത് പ്രതിഫലവും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ വിവേകശൂന്യമായ ആരോപണങ്ങളുമായി ആളുകള്‍ രംഗത്തെത്തുന്നതെന്ന് അറിയില്ല. ആര്യ പറഞ്ഞു.