കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സാന്നിധ്യം ഉറപ്പിച്ച് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ മൊഴി. സുനില്‍കുമാര്‍ ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്ന് അപ്പുണ്ണി അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കി. സുനില്‍കുമാര്‍ പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞിരുന്നു.
ദിലീപ് പറഞ്ഞിട്ടാണ് സുനിലിനോട് പരിചയമില്ലാത്ത ഭാവത്തില്‍ ഫോണില്‍ സംസാരിച്ചത്. സുനില്‍ ജയിലില്‍ നിന്നെഴുതിയ കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ പോയിരുന്നുവെന്നും അപ്പുണ്ണി പറഞ്ഞു.
സുനില്‍കുമാറിനെ തനിക്ക് നേരത്തെ തന്നെ അറിയാമെന്നും അപ്പുണ്ണി വ്യക്തമാക്കി. എന്നാല്‍ നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഡാലോചനയെപ്പറ്റി തനിക്ക് അറിവുണ്ടായിരുന്നില്ല. ജയിലിലെ കത്തും ഫോണുമായി ബന്ധപ്പെട്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അപ്പുണ്ണി പറഞ്ഞു. മൊഴികള്‍ വിശദമായി പരിശോധിച്ചശേഷം അപ്പുണ്ണിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ അടക്കമുള്ള പ്രതികളെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും.
