കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും. നിര്‍ണ്ണായക ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നാദിര്‍ഷായുടെ മൊഴിയില്‍ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം നടിയെ അക്രമിക്കുന്നതിന് പ്രതിഫലം വാങ്ങുന്നതുമായി ബന്ധപ്പെട്ട വിലപേശലിന് ദൃക്‌സാക്ഷിയുണ്ടെന്നും പോലീസ് കണ്ടെത്തി. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആദ്യം വിളിച്ചത് നാദിര്‍ഷയെ ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചു. അതില്‍ ഒരു കോള്‍ എട്ട് മിനിറ്റ് നീണ്ടു. സംഭാഷണത്തില്‍ പ്രതിഫലതുക സംബന്ധിച്ച് നാദിര്‍ഷയുമായി വിലപേശല്‍ നടന്നെന്നാണ് സുനില്‍കുമാറിന്റെ സഹതടവുകാരന്‍ ജിന്‍സണ്‍ നല്‍കിയ രഹസ്യമൊഴി. ചോദ്യം ചെയ്യലില്‍ ഈ കാര്യങ്ങളടക്കം പോലീസ് അന്വേഷിക്കും.
നടന്‍ ദീലീപ്, നാദിര്‍ ഷാ, കാവ്യയുടെ അമ്മ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുക. ചില ശാസ്ത്രീയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. മൂവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
