കോട്ടയം: കൊച്ചിയില്‍ ആഖ്രമിക്കപ്പെട്ട നടിയെ അവഹേൡച്ചും നടന്‍ ദിലീപിനെ പിന്തുണച്ചും പി.സി. ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. നടിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ഭാഗ്യലക്ഷ്മി, സയനോര ഫിലിപ്പ്, വിമണ്‍ ഇന്‍ സിനിമ കളക്ടീവുമെല്ലാം രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പി.സി. ജോര്‍ജ്. ഈ പ്രായത്തിലെത്തിനില്‍ക്കുന്ന ഞാന്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ജോര്‍ജിന്റെ മറുപടി. ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനത്തിന് മറുപടിയായാണ് ജോര്‍ജിന്റെ പ്രതികരണം.

''തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ടു വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസ്സിലാവില്ല'. എന്നെ പേരെടുത്ത് പരാമര്‍ശിച്ചും അഭിസംബോധന ചെയ്തും മലയാള സിനിമയിലെ ഒരു സ്ത്രീരത്നം അവരുടെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം വിശ്വസിച്ചു കുറിച്ച വരികളാണ് മേല്‍ ഉദ്ധരിച്ചത്. 

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തിനിടെ നടി ആക്രമിക്കപ്പെട്ട വിഷയവും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. അഞ്ചാറു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് മരണപ്പെട്ട ഡല്‍ഹിയിലെ നിര്‍ഭയയെക്കാള്‍ ക്രൂരമായ രീതിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് എന്നാണ് പ്രചരിക്കുന്നത്. അങ്ങനെ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പോലീസിന്റെ വീഴ്ചയാണ്. 

പോലീസ് പറഞ്ഞത് ശരിയാണെങ്കില്‍ നിര്‍ഭയയെപ്പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സംശയിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അതല്ലാതെ പീഡനത്തിനിരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ല, മറിച്ച് പോലീസിന്റെ വീഴ്ച പരാമര്‍ശിക്കുകയാണ് ചെയ്തത്. ഇത് മനസ്സിലാക്കാതെയാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച വരികള്‍ ആ സ്ത്രീരത്നം എന്നെക്കുറിച്ച് പറഞ്ഞത്. 

സ്ത്രീത്വത്തെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും ഉപദേശിക്കാനും പറഞ്ഞു തരുവാനും ഏറ്റവും അര്‍ഹതയുള്ള മാന്യവനിത തന്നെയാണവര്‍ എന്ന കാര്യത്തില്‍ എനിക്ക് ഒരുതരി സംശയം പോലും ബാക്കിയില്ല. അത്ര മികച്ച നിലവാരത്തിലുള്ള സംഭാവനകളും പ്രവര്‍ത്തനങ്ങളും അവരുടേതൊയ മേഖലകളില്‍ അവര്‍ നല്‍കിയിട്ടുമുണ്ട്. പൊതുജനങ്ങള്‍ക്ക് അത് വിശദമായി അറിയില്ലെങ്കിലും സിനിമാരംത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അക്കാര്യത്തില്‍ വിശദവും കൃത്യവുമായ ബോദ്ധ്യമുണ്ടെന്ന കാര്യത്തില്‍ എനിക്ക് രണ്ടുപക്ഷവുമില്ല. പക്ഷേ ഏങ്കിലും മറുപടി പറയാതിരിക്കാനുമാവില്ല.

സിനിമ എന്റെ കര്‍മ്മമേഖലയല്ലാത്തതിനാല്‍ അവിടെ സ്പെഷ്യലൈസ് ചെയ്ത് പ്രസ്തുത കാര്യം മനസ്സിലാക്കാനുള്ള അവസരമുണ്ടായിട്ടില്ല. ഇപ്പോള്‍ വീട്ടിലാണെങ്കില്‍ ഞാന്‍ അപ്പനും അമ്മായിഅപ്പനും വല്യപ്പനും ഭര്‍ത്താവുമാണ്. അനുഭവസമ്പത്ത് ഏറെയുണ്ടെന്ന് ചുരുക്കം. അതുകൊണ്ട് ഈ പ്രായത്തിലെത്തിനില്‍ക്കുന്ന ഞാന്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കൂടി മാന്യ സോദരിയായ സ്ത്രീരത്നത്തെ അറിയിക്കുന്നുവെന്നും പിസി ജോര്‍ജ് തന്റ ഫേസ്ബുക്കില്‍ കുറിച്ചു.