തിരുവനന്തപുരം: സിനിമാ മേഖലയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചത് ശ്രമിച്ചത് ദിലീപല്ലെന്ന് നടി ഭാമ. അടുത്തിടെ പുറത്തുവരുന്ന ചില മാധ്യമ വാര്‍ത്തകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഭാമ പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഭാമ വിശദീകരണവുമായി എത്തിയത്. 

നേരത്തെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഭാമ പറഞ്ഞിരുന്നു. അയാള്‍ എല്ലാവരും അറിയുന്ന ആളാണെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നെന്നും ഭാമ വെളിപ്പെടുത്തിയിരുന്നു. 

എന്നാല്‍ ഭാമയുടെ സിനിമാജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നടന്‍ ദിലീപ് ആണെന്ന തരത്തില്‍ ചില മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഭാമ രംഗത്തെത്തിയത്. തന്റെ അഭിമുഖത്തിലെ ചില വാക്കുകള്‍ വളച്ചൊടിച്ച് വാര്‍ത്തകളാക്കരുതെന്ന അപേക്ഷയോടെയാണ് ഭാമയുടെ കുറിപ്പ് അവസാനിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എല്ലാവര്‍ക്കും നമസ്‌കാരം,
ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്.

പ്രമുഖ വാരികയായ 'വനിതക്ക് 'ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്‍ക്കും തെറ്റിദ്ധാരണ നല്‍കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു. 'പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ'. 

ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ ഞാന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹത്തോടെ,
ഭാമ