മയക്കുമരുന്ന് റാക്കറ്റ് കേസിൽ നടി ചാർമിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ഹൈദരാബാദിലെ അബ്കാരി ഭവനിൽ ഏഴ് മണിക്കൂറിലധികം ചോദ്യംചെയ്യൽ നീണ്ടു. തെലുങ്ക് സിനിമാലോകത്തെ പിടിച്ചുകുലുക്കിയ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് വിധേയയാകുന്ന ഏഴാമത്തെ താരമാണ്ചാർമി.

മയക്കുമരുന്നിന്റെ കേന്ദ്രമാണ് തെലുങ്ക് സിനിമയുടെ പിന്നാമ്പുറങ്ങളെന്ന് വെളിപ്പെട്ട കേസിൽ ഒടുവിൽ ചോദ്യം ചെയ്യലിനെത്തിയത് മലയാളത്തിലും തിളങ്ങിയ നടി ചാർമി. മയക്കുമരുന്ന് റാക്കറ്റ് തലവൻ മസ്കാരനസുമായി ചാർമിക്കുള്ള ബന്ധമെന്തെന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിച്ചത്. കോടതി ഉത്തരവനുസരിച്ച് നാല് വനിതാ ഉദ്യോഗസ്ഥർ ചാർമിയെ ചോദ്യം ചെയ്തു. അവരുടെ അനുവാദമില്ലാതെ രക്തസാമ്പിൾ ശേഖരിക്കരുതെന്നും നിർദേശമുണ്ടായിരുന്നു. അബ്കാരി ഭവനിൽ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ചാർമി പുറത്തിറങ്ങിയത്. ഇതോടെ കോടികളുടെ മയക്കുമരുന്നുമായി 19 പേർ അറസ്റ്റിലായ കേസിൽ പൊലീസ് ചോദ്യം ചെയ്ത സിനിമാ താരങ്ങളുടെ എണ്ണം ഏഴായി. ആകെ നോട്ടീസ് നൽകിയത് പന്ത്രണ്ട് പേർക്ക്. 

കാൽവിൻ മസ്കരനാസ് എന്ന സിനിമാതാരങ്ങളുടെ അടുപ്പക്കാരനാണ് പ്രധാന കണ്ണി. ഇയാളെ ചാർമിക്ക് പരിചയപ്പെടുത്തിയത് സംവിധായകൻ പുരി ജഗന്നാഥ്.പുരിയും ബാഹുബലിയിലും സൗണ്ട് തോമയിലും വേഷമിട്ട നടൻ സുബ്ബരാജുവും നടൻമാരായ തരുണും നവദീപുമെല്ലാം അന്വേഷണസംഘത്തിന് മുന്നിലെത്തി. നടി കാജൽ അഗർവാളിന്റെ മാനേജർ ജോൺസൺ ഏലിയാണ് റോണി അറസ്റ്റിലായതാണ് കേസിലെ ഒടുവിലത്തെ വഴിത്തിരിവ്. മയക്കുമരുന്നും ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നടൻ രവിതേജയും നടി മുമൈത് ഖാനും ഇനിയും ചോദ്യം ചെയ്യലിന് എത്താനുണ്ട്. യുവതാരങ്ങളും മുതിർന്നവരും ഒരു പോലെ ഉൾപ്പെട്ട കേസിൽ ആരൊക്കെ അറസ്റ്റിലാകുമെന്നാണ് തെലുങ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. സിനിമാ ലൊക്കേഷനുകളിൽ യഥേഷ്ടം മയക്കുമരുന്നെത്തിച്ചത് പിടിയിലായ സംഘമാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.