അന്നാണ് ശ്രീദേവിയോട് അവസാനമായി സംസാരിച്ചത്
ഇന്ത്യയുടെ മുഖശ്രീ ശ്രീദേവിയുടെ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് ആരാധകരും സിനിമാ ലോകവും ഇതുവരെ മുക്തരായിട്ടില്ല. ദുബായില്‍ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്ത ശേഷം ഹോട്ടല്‍ മുറിയിലാണ് ശ്രീദേവി മരിച്ചത്. എന്നാല്‍ മരണത്തെ ചൊല്ലി ദുരൂഹതകള്‍ ഉണ്ടെന്ന പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം പിന്തള്ളി ശ്രീദേവിയുടേത് മുങ്ങിമരണമാണെന്നുള്ള ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്നു. എന്നാല്‍ ഈ അവസരത്തില്‍ ശ്രീദേവിയുടെ കളിക്കൂട്ടുകാരിയായ പിങ്കി റെഡ്ഡി ശ്രീദേവിയുമായി അവസാനമായി ഫോണില്‍ സംസാരിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുന്നു.
എന്റെ സസഹോദരിയാണ് നഷ്ടമായിരിക്കുന്നത്. അവരുടെ മരണം ഞെട്ടലുളവാക്കുന്നു, അത് ഞങ്ങളെ തകര്‍ത്തു കളഞ്ഞുവെന്ന് പിങ്കി പറഞ്ഞു.ബന്ധു മോഹിത് മര്‍വ്വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് ശ്രീദേവിക്ക് പനി പിടിച്ച് അവശയായിരുന്നു. ശ്രീദേവിയോട് അവസാനമായി സംസാരിച്ചത് അന്നാണെന്നും പിങ്കി പറഞ്ഞു.
ശ്രീദേവി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടായിരുന്നു. അവശയായിരുന്നു. അതേസമയം വിവാഹത്തില്‍ പങ്കെടുത്തേ പറ്റു എന്ന് പറഞ്ഞിരുന്നു.
മരണത്തെ കുറിച്ച് നിരവധി കാര്യങ്ങളാണ് പുറത്ത് വരുന്നത്. അത് തന്നെ മുറിവേല്‍പ്പിക്കുന്നുണ്ട്. ആളുകള്‍ അവരുടെ മരണത്തെ കണ്ടത് തമാശയായിട്ടാണ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അസ്വസ്ഥയാക്കുന്നുവെന്നും പിങ്കി പറഞ്ഞു.
സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളാണ് അവരുടെ മരണത്തിന് കാരണമെന്ന് പലരും പറയുന്നു. നല്ല കാര്യങ്ങള്‍ പറയുന്നതിന് പകരം എന്തിനാണ് മോശമായ കാര്യങ്ങള്‍ സംസാരിക്കുന്നത്. മരിച്ചതിന് ശേഷവും തരം താഴ്ന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്താന്‍ എങ്ങനെ സാധിക്കുമെന്നും പിങ്കി ചോദിക്കുന്നു.
