സംവിധായകന്‍ സെറ്റില്‍ മോശമായ രീതിയില്‍ പെരുമാറുന്നുവെന്ന് മലയാളി നടി ഇഷാര. എങ്കടാ ഇരുന്തിങ്ക ഇവ്വളവ് നാളാ എന്ന ചിത്രത്തിന്റെ സെറ്റില്‍ സംവിധായകന്‍ കെവിൻ ജോസഫിന്റെ പെരുമാറ്റം വൃത്തികെട്ട രീതിയിലാണെന്നാണ് ഇഷാര പറയുന്നത്.

എടീ, പോടീ എന്നൊക്കെയായിരുന്നു സെറ്റിൽ വിളിച്ചിരുന്നത്. എല്ലാവരുടെയും മുന്നിൽ വച്ച് സീൻ വിവരിച്ച് തരുന്നത് വൃത്തികെട്ടരീതിയിലുമാണ്. ഇതൊക്കെ തുറന്നുപറയാന്‍ പോലും ബുദ്ധിമുട്ടുണ്ട്. ശരീരത്തിൽ സ്പർശിച്ചാണ് അയാൾ സീൻ വിവരിക്കുന്നത്. ഇതൊന്നും പ്രൊഫഷണല്‍ രീതി എല്ല. ഇത്തരം ഒരു സാഹചര്യത്തില്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ കഴിയില്ല. സിനിമയില്‍ അഭിനയിക്കാത്തതിന് എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മ്മാതാവും മറ്റും പറയുന്നുണ്ട്. ‍ഞാനെന്തും നേരിടാൻ തയാറാണ് - ഇഷാര പറയുന്നു.

അതേസമയം, ഇരുപതു ദിവസത്തേയ്‍‌ക്കു ഡേറ്റ് നല്‍കിയിട്ട് സിനിമയില്‍ അഭിനയിക്കാതെ ഇഷാര മുങ്ങിനടക്കുകയാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. രണ്ടു ദിവസം മാത്രമാണ് നടി ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് സെറ്റില്‍ നിന്ന് മുങ്ങുകയായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെയൊക്കെ ഫോണ്‍ നമ്പറുകള്‍ നടി ബ്ലോക്ക് ചെയ്‍തു. നടി മുങ്ങിയത് കാരണം ദശലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത് - ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോസഫ് ലോറൻസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം സംവിധായകന്‍ കെവിന്‍ നിഷേധിച്ചിട്ടുണ്ട്. സിനിമയില്‍ അശ്ലീല രംഗങ്ങളൊന്നും ഇല്ലെന്നും സംവിധായകന്‍ പറയുന്നു.