ദില്ലി: ആദ്യ ആഴ്ചയില്‍ തന്നെ പത്ത് കോടി കളക്ഷന്‍ നേടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പ്രശാന്ത് വര്‍മ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ഏവ്. കാജള്‍ അഗവര്‍വാള്‍, നിത്യ മേനോന്‍, ഇഷ റെബ, ശ്രീനിവാസ് അവസാരാല, മുരളി ശര്‍മ തുടങ്ങിയ നീണ്ട താരനിരയുള്ള ചിത്രമായിരുന്നു ഏവ്. മാനസിക അസ്വാസ്ഥ്യമുള്ള ഒരാളുടെ വേഷത്തിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക കാജള്‍ അഗര്‍വാള്‍ ചിത്രത്തിലെത്തുന്നത്. 

കാജളിന്‍റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണെന്ന തരത്തിലടക്കം പ്രതികരണങ്ങളും എത്തുന്നുണ്ട്. ചില ആരധകര്‍ ഇങ്ങനെയൊരു വേഷം തെരഞ്ഞെടുത്തതില്‍ സങ്കടങ്ങളും പങ്കുവവയ്ക്കുന്നു.അതേസമയം വളരെ അധികം ആഹ്ലാദത്തിലാണ് കാജള്‍. തനിക്ക് ഇനിയും മാനസിക രോഗിയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാജള്‍ തുറന്നടിച്ചു. ഏവ്, അര്‍ജ്ജുന്‍ റെഡ്ഢി പോലുള്ള വ്യത്യസ്ഥമായ ചിത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും കാജള്‍ പറ‍ഞ്ഞു. 

പുതിയ സംവിധായകരിലാണ് സിനിമയുടെ ഭാവി. വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് കരുതുന്നത്. ഏവ് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള പ്രൊജക്ടായിരുന്നു. അതുപോലെ പുതിയ ചിത്രമായ പാരിസ് പാരിസും എനിക്ക് പ്രിയപ്പെട്ടതാണ്. ഈ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കാജള്‍ പ്രതികരിച്ചു.

മാനസികമായ അസ്ഥിരതയുള്ളവരെ കുറിച്ച് വായിച്ചും, നേരിട്ട് കണ്ട് പഠിച്ചുമാണ് ഏവ് എന്ന ചിത്രത്തിന് വേണ്ടി കാജള്‍ തയ്യാറായത്. മാനിസികമായി അസ്വാസ്ഥ്യമുള്ളരുടെ പെരുമാറ്റവും മറ്റ് രീതികളും എല്ലാം പഠിക്കാന്‍ കാജള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു.