വിവാദച്ചുഴിയിലേയ്ക്ക് കാറോടിച്ച് മീനാക്ഷി മീനാക്ഷി വാഹനമോടിച്ചത് റോഡുനിയമങ്ങളുടെ ലംഘനം തന്നെയാണെന്നാണ് വിദഗ്ദ അഭിപ്രായങ്ങള്‍

പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി കാറോടിച്ച ബാലതാരം മീനാക്ഷി കയറിയത് വിവാദങ്ങളിലേയ്ക്ക്. പന്ത്രണ്ട് വയസുകാരിയായ താരം കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ അടുത്തിടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ താരം ചെയ്തത് നിയമലംഘനമാണെന്നും സമൂഹത്തിന് മാതൃകയാവേണ്ടവര്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് മീനാക്ഷിയെ വിമര്‍ശിക്കുന്നത്. 

എന്നാല്‍ വീഡിയോ ചിത്രീകരിച്ച് സ്വകാര്യ ഇടത്തിലാണെന്നും അതിനാല്‍ നിയമ ലംഘനം നടത്തിയിട്ടില്ലെന്നുമാണ് മീനാക്ഷി നല്‍കുന്ന വിശദീകരണം. അങ്ങനെ നിയമലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല വീഡിയോ ചിത്രീകരിച്ചതെന്നും മീനാക്ഷി വ്യക്തമാക്കുന്നു. 

18 വയസു പൂര്‍ത്തിയാവാത്ത മീനാക്ഷി വാഹനമോടിച്ചത് റോഡുനിയമങ്ങളുടെ ലംഘനം തന്നെയാണെന്നാണ് വിദഗ്ദ അഭിപ്രായങ്ങള്‍. മുന്‍പ് താന്‍ R15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നൊന്നും പിടികൂടാത്ത പൊലീസ്, കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നുമാണ് മീനാക്ഷി വിശദമാക്കുന്നത്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ഹിറ്റായ 2255 എന്ന നമ്പറുള്ള കാറില്‍ ഒരു തോട്ടത്തിലൂടെ മീനാക്ഷി ഓടിച്ച് വന്ന് സംസാരിക്കുന്നതാണ് വീഡിയോ.