നടി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു

അഹമ്മദാബാദ്: നടിയുടെ കാറിന് മുന്നില്‍ മൂത്രമൊഴിക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ അശ്ലീലം പറയുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തി നടിയും മോഡലുമായ മൊണാല്‍ ഗുജ്ജര്‍ നല്‍കിയ പരാതിയില്‍ കമലേഷ് പട്ടേല്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് അശ്ലീലം നടത്തുക, സ്ത്രീകളോട് മോശമായി സംസാരിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കമലേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

 അഹമ്മദാബാദിലെ ഗുല്‍ബായ് ടെക്രയിലെ ബന്ധുവിന്റെ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ബ്യൂട്ടിപാര്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയ കാറിന് മുന്നിലാണ് യുവാവ് മൂത്രമൊഴിച്ചത്. നടി ഹോണടിച്ചിട്ടും യുവാവ് പിന്‍മാറിയിരുന്നില്ല. പിന്നീട് കാറിനടുത്തേക്ക് വന്ന കമലേഷ് ഹോണടിച്ചതിന് മൊണാലിനെ ചോദ്യം ചെയ്തു.

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ നടിയോട് അസഭ്യം പറയുകയായിരുന്നു. അശ്ലീലം പറയുന്നത് വീഡിയോയില്‍ പകര്‍ത്തുമെന്ന് പറഞ്ഞപ്പോള്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്നായിരുന്നു കമലേഷിന്റെ മറുപടി.

തുടര്‍ന്ന് മൊണാല്‍ വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് കമലേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

 വിനയന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ഡ്രാക്കുളയിലെ നായികയായിരുന്നു മൊണാല്‍. ഗുജറാത്തി, തെലുങ്ക്, തമിഴ്, മറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.