ദില്ലി: താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്ന് ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാന്‍. മദ്യപാനവും പുകവലിയും ശീലമാണ്. എന്നാല്‍ ലഹരി മരുന്ന് ഉപയോഗിക്കാറില്ല. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ പരിശോധനകള്‍ക്കായി മുടി, നഖം, രക്തം എന്നിവയുടെ സാമ്പിള്‍ നല്‍കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസ് ഷോയുടെ തെലുങ്ക് പതിപ്പില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് ഖാന്‍ ചോദ്യം ചെയ്യല്‍ നോട്ടീസ് ലഭിച്ചത്. തുടര്‍ന്ന് ഷോയില്‍ നിന്നും അവര്‍ പുറത്ത് വന്ന് ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. ലഹരിമരുന്ന് കേസുമായി ചോദ്യം ചെയ്യുന്ന എട്ടാമത്തെ താരമാണ് മുമൈത്ത് ഖാന്‍. ചാര്‍മി കൗറിനെയും ചോദ്യം ചെയ്തിരുന്നു.
നിര്‍മ്മാതാവ് പുരി ജഗന്നാഥ്, ക്യാമറാമാന്‍ ശ്യാം കെ. നായിഡു, നടന്‍മാരായ പി. സുബ്ബരാജു, തരുണ്‍ കുമാര്‍, പി. നവദീപ്, കലാസംവിധായകന്‍ ധര്‍മറാവു എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തെലുങ്ക് സിനിമയിലെ പതിനഞ്ചോളം പേര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
