നവാഗതരായ ഗ്രിറ്റോ വിൻസെന്റ്, ശ്രീജിത്ത് എസ്. കുമാർ എന്നിവർ സംവിധാനം ചെയ്ത 'ശേഷിപ്പ്' IFFK-യിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു.
നവാഗതരായ ഗ്രിറ്റോ വിൻസെന്റ്, ശ്രീജിത്ത് എസ്. കുമാർ എന്നിവർ സംവിധാനം ചെയ്ത 'ശേഷിപ്പ്' എന്ന സിനിമ മുപ്പതാമത് കേരളം രാജ്യാന്തര ചലച്ചിത്ര മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഗ്രിറ്റോയുടെയും, ശ്രീജിത്തിന്റെയും ആദ്യ ഐഎഫ്എഫ്കെ കൂടിയാണ് ഇത്തവണത്തേത്. ആദ്യ രണ്ട് ഷോകൾക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു ഗ്രിറ്റോ വിൻസെന്റും, ശ്രീജിത്ത് എസ് കുമാറും.
എന്താണ് ശേഷിപ്പ്?
ഒരു ഐഡന്റിറ്റി ക്രൈസിസിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു ഗോസ്റ്റ് റൈറ്റർ. അയാൾ തന്റെ ആദ്യത്തെ സ്ക്രിപ്റ്റ് എഴുതാനായിട്ട് സുഹൃത്തിന്റെ എസ്റ്റേറ്റിൽ താമസിക്കുകയാണ്. എസ്റ്റേറ്റ് എന്ന് വെച്ചിട്ടുണ്ടെങ്കിൽ അവിടെ ആരുമില്ല, വളരെ ഒറ്റപ്പെട്ട് നിൽക്കുന്ന, ഫോണിന് റേഞ്ച് ഒന്നും ലഭിക്കാത്ത ഒരു സ്ഥലമാണ്. മറ്റുള്ളവർക്ക് വേണ്ടി എഴുതുമ്പോൾ അവന് പ്രശ്നങ്ങളില്ല, പക്ഷെ സ്വന്തമായി ഒരു സ്ക്രിപ്റ്റ് എഴുതാൻ വളരെ ബുദ്ധിമുട്ട് ആണ്. അങ്ങനെ ഒരു ക്രൈസിസിൽ പോയിക്കൊണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായിട്ട് ആ എസ്റ്റേറ്റിന്റെ പരിസരത്ത് നിന്ന് ഒരു പെൺകുട്ടിയെ അവൻ കണ്ടുമുട്ടുന്നു. അവശനിലയിലാണ് ആ പെൺകുട്ടിയെ അവന് കിട്ടുന്നത്. ഇത് മറ്റുള്ളവരെ അറിയിക്കാനായി നോക്കുമ്പോൾ അവിടെ ഫോൺ തകരാറിലായിരിക്കും. ഇതിനിടയിൽ ഉണ്ടാവുന്ന ഒരു പ്രധാന സംഭവവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ഒരു ഡ്രാമ മൂഡിലാണ് പടത്തിന്റെ കഥ പുരോഗമിക്കുന്നത്. അങ്ങനെ ഒരു ചെറിയൊരു സിനിമയാണ് ശേഷിപ്പ്.

മലയാളത്തിലേക്ക് മറ്റൊരു ഇരട്ട സംവിധായകർ കൂടി
ഞങ്ങൾ ഒരു പത്ത് വർഷമായിട്ട് ഒരുമിച്ചിട്ടുണ്ട്. ഒരുമിച്ചാണ് പഠിച്ചത്. കൂടെ കോളേജിലുണ്ടായിരുന്ന ആളാണ് സിനിമയുടെ എഡിറ്ററായ ഡാനി ഡേവിസ്. എഴുത്തും പരിപാടികളുമൊക്കെയായി ഒരുമിച്ച് തന്നെയായിരുന്നു എല്ലാവരും. അങ്ങനെ ഒരു മൊമെന്റിൽ ഒരു ചെറിയൊരു പരിപാടി ചെയ്യാൻ ഐഡിയ കിട്ടി, അതിങ്ങനെ വർക്ക്ഔട്ട് ചെയ്ത് ചെറിയ ഒരു ബഡ്ജറ്റിൽ ചെയ്ത സിനിമയാണ് ഇത്. ഞങ്ങൾ ഒരുമിച്ച് തന്നെയാണ് എഴുത്തും ഡയറക്ഷനും കാര്യങ്ങളുമൊക്കെ. നമ്മൾ പെട്ടെന്ന് കണക്ട് ആവും. കഥാപാത്രങ്ങളെ കുറച്ച് കൂടി ഫോക്കസ് ചെയ്തിട്ടാണ് എഴുതാറ്. ക്യാരക്ടർ ഡെവലപ്മെന്റും അവരുടെ പെർഫോമൻസ് ഓറിയന്റഡ് പരിപാടകളുമാണ് കൂടുതൽ ശ്രദ്ധിക്കാറ്. ക്യാരക്ടേഴ്സിന്റെ ഡീറ്റെയിലിംഗിലാണ് അത്യാവശ്യം സമയമെടുക്കാറുള്ളത്. അങ്ങനെയൊരു സിനിമയാണ് ശേഷിപ്പ്. രണ്ട് കഥാപാത്രങ്ങളുടെ ഇന്നർ പരിപാടി കുറച്ച് എക്സ്പ്ലോർ ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. ആർട്ടിസ്റ്റുകളെ ആണെങ്കിലും അവരെ മാക്സിമം പെർഫോം ചെയ്യിപ്പിക്കാൻ നമ്മൾ ശ്രമിക്കും.
ശേഷിപ്പിലേക്ക് വരുമ്പോൾ അധികം റെസ്ട്രിക്ഷൻസ് ഉണ്ടായിരുന്നില്ല. നമുക്ക് ഒരു ഫ്രീഡം ഉണ്ടായിരുന്നു ചെയ്യാൻ. അതുകൊണ്ട് തന്നെ ആർട്ടിസ്റ്റുകളുടെ പ്രകടനത്തെ മുൻനിർത്തിയാണ് ശേഷിപ്പ് ചെയ്തിരിക്കുന്നത്. ഞങ്ങൾ രണ്ട് പേരും ഭയങ്കര കണക്ടഡ് ആണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരേ മൈൻഡിലാണ് രണ്ടുപേരും പോകുന്നത്. ഞങ്ങളങ്ങനെ ഒരുമിച്ച് എഴുത്തും പരിപാടിക്കും ആയിട്ട് മുന്നോട്ട് പോകുന്നു.

എങ്ങനെയാണ് ശേഷിപ്പിന്റെ കാസ്റ്റിങ്ങിലേക്ക് വരുന്നത്?
റാഷിദയും മീനാക്ഷിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റാഷിദിന്റെ ആദ്യ ചിത്രമാണ്. അവൻ ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്, തല്ലുമാലയിലുണ്ട്. പിന്നെ ഇന്ദ്രൻസ് ചേട്ടന്റെ ഒരു ചെറിയൊരു ഷോർട്ട് ഫിലിം ഉണ്ടായിരുന്നു ബാർബറിന്റെ കഥ എന്ന ചിത്രം. അതിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ചെറിയ ചെറിയ കുറച്ച് പരിപാടികൾ അവൻ ചെയ്തിട്ടുണ്ട്. പക്ഷെ ഒരു ഫുൾ ലെങ്ത് ലീഡ് ചെയ്യുന്ന ആദ്യ സിനിമയാണ് ശേഷിപ്പ്. മീനാക്ഷിക്ക് പകരം വേറെ ഒരാളെയാണ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. പക്ഷെ അത് ഓക്കെ ആയിരുന്നില്ല. പിന്നീട് നമ്മുടെ സുഹൃത്തായ അശ്വിൻ വഴിയാണ് മീനാക്ഷിയിലേക്ക് എത്തുന്നത്. മീനാക്ഷിയുടെ ചില പെർഫോമൻസ് കണ്ടപ്പോൾ കഥാപാത്രത്തിലേക്ക് യോജിച്ചതായി തോന്നി. അങ്ങനെയാണ് മീനാക്ഷിയിലേക്ക് എത്തുന്നത്.

പന്ത്രണ്ട് ദിവസത്തെ ചിത്രീകരണം
പന്ത്രണ്ട് ദിവസത്തെ ഷൂട്ടായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. പ്രൊഡക്ഷൻ ഞങ്ങൾ തന്നെയാണ്. പിന്നെ സിനിമയുടെ ഛായാഗ്രാഹകനായ ഡെനിലുമുണ്ടായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്താണ് സിനിമാ ഭ്രാന്തൻ ഇൻവോൾവ് ആവുന്നത്. സാജിദ് യാഹിയ. സിനിമയുടെ ട്രെയ്‌ലർ കട്ടും ഫസ്റ്റ് കട്ടും കണ്ടിട്ടാണ് സാജിദ് ഇക്കയ്ക്ക് ഇഷ്ടമാവുന്നത്. അങ്ങനെയാണ് അദ്ദേഹം ബാക്കപ്പ് ചെയ്യുന്നത്. സിനിമാറ്റോഗ്രഫി ചെയ്തത് നമ്മുടെ സുഹൃത്തായിരുന്നു. അങ്ങനെ മൊത്തത്തിൽ സുഹൃത്തുക്കളുടെ ഒരു സിനിമ എന്ന് തന്നെ പറയാം ശേഷിപ്പിനെ.

ഐഎഫ്എഫ്കെ പ്രതീക്ഷകൾ
ഭയങ്കര എക്സൈറ്റ്മെന്റിലാണ് ഞങ്ങൾ. കാരണം ഞങ്ങൾ രണ്ടുപേരും ആദ്യമായാണ് ഐഎഫ്എഫ്കെയ്ക്ക് വരുന്നത്. അഞ്ചാറ് വർഷമായുള്ള ആഗ്രഹമായിരുന്നു ഐഎഫ്എഫ്കെയ്ക്ക് പോകണം എന്നുള്ളത്. ജീവിതത്തിലെ ഒരു സ്ട്രഗ്ളിങ്ങ് ഘട്ടത്തിൽ ആയിരുന്നത് കൊണ്ട് തന്നെ പോകാൻ കഴിഞ്ഞിരുന്നില്ല. ഐഎഫ്എഫ്കെ സമയമാവുമ്പോൾ പോവാനായി കയ്യിൽ കാശുണ്ടാവില്ല. അത്രയും ദിവസം താമസിക്കണം, ഭക്ഷണം അതിനുള്ള കാശൊന്നും കയ്യിൽ എടുക്കാനായി ഉണ്ടാവില്ല. അപ്പോൾ ഞങ്ങൾ ഇങ്ങനെ പറയാറുണ്ടായിരുന്നു ഇനി ഐഎഫ്എഫ്കെയ്ക്ക് പോകുവാണെങ്കിൽ നമ്മുടെ സിനിമയുമായിട്ട് ഗസ്റ്റ് ആയി തന്നെ പോകണം എന്ന്. ഐഎഫ്എഫ്കെ പ്ലാൻ ചെയ്ത്എടുത്ത സിനിമയായിരുന്നില്ല ശേഷിപ്പ്. മലയാളം സിനിമ ടുഡേയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വലിയ സന്തോഷം തോന്നി.


