ചെന്നൈ: വെറ്റിനറി ഡോക്ടര്‍ ദിശയെ വധിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന് തെലങ്കാന പൊലീസിന്‍റെ നടപടിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരം നയന്‍താര.  ചൂടോടെ നല്‍കുമ്പോള്‍ ആണ് അതൊരു നല്ല നീതിയാവുന്നതെന്നും വെടിവെപ്പിനെ പ്രശംസിച്ചു കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ നയന്‍താര പറയുന്നു. 

മാധ്യമങ്ങളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന വ്യക്തിത്വമാണ് നയന്‍താരയുടേത്. താന്‍ അഭിനയിച്ച ബിഗ് ബജറ്റ് സിനിമകളുടെ പോലും പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാത്ത താരം. ഹൈദരാബാദ് വെടിവെപ്പിനെ വാര്‍ത്താക്കുറിപ്പിലൂടെ ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്തത് ആരാധകരില്‍ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. 

നയന്‍താരയുടെ വാര്‍ത്തക്കുറിപ്പ്.... 

സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച ഒരു രംഗം. അതാണിപ്പോള്‍ തെലങ്കാന പൊലീസ് ശരിക്കും ഹിറോയെ പോലെ  നടപ്പാക്കിയിരിക്കുന്നത്.  മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍ എന്നാണ് പൊലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. 

ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍  എല്ലാവരേയും തുല്യതയോടെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം. 

നീതി നടപ്പായത് ആഘോഷിക്കുന്നതിനപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത് എന്ന് നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിത്.