തൃശൂർ: പി.സി.ജോർജ് എംഎൽഎയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ആക്രമിക്കപ്പെട്ട യുവനടി രംഗത്ത്. തനിക്കെതിരേ ജോർജ് നടത്തുന്ന പ്രസ്താവനകളിൽ ദുഃഖവും അമർഷവും ഉണ്ടെന്ന് നടി പറഞ്ഞു. വനിതാ കമ്മീഷൻ ചെയർപേഴ്സണ് എം.സി.ജോസഫൈൻ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലെത്തി അവരുമായി സംസാരിച്ചു.
തനിക്കെതിരെ നിരന്തരം പ്രസ്താവനകൾ നടത്തുന്ന ജോർജിനെതിരെ നടി വനിതാ കമ്മീഷൻ മുന്പാകെ പരാതി ഉന്നയിച്ചു. ജോർജിന്റെ പ്രസ്താവനയിൽ വേദനയും അമർഷവുമുണ്ട്. പ്രസ്താവനകൾ തുടരുന്നത് വേദനിപ്പിക്കുന്നതാണെന്നും ജനപ്രതിനിധിയിൽ നിന്ന് ഇത്തരം പരാമർശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു ദുരനുഭവമുണ്ടാകരുതെന്നും അവർ കമ്മീഷൻ മുന്പാകെ പറഞ്ഞു. നടിയോട് ധൈര്യമായിരിക്കാനും എല്ലാം നേരിടാൻ കഴിയണമെന്നും കേസും നടപടികളുമായി മുന്നോട്ടുപോകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
നടിക്കെതിരേ അപകീർത്തികരമായി സംസാരിക്കുന്ന ജോർജിനെതിരേ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷന് കഴിഞ്ഞ ദിവസം സ്പീക്കറുടെ അനുമതി തേടിയിരുന്നു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കഴിഞ്ഞ ദിവസം ജോർജിനെതിരേ വിമർശനവുമായി രംഗത്തുവന്നിരുന്നു.
