കൊച്ചി: സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലെത്തി ശോഭിക്കുന്ന നടിമാര്‍ വളരെ കുറവാണ്. സീരിയല്‍ താരങ്ങളോളുടുള്ള സിനിമ മേഖലയുടെ സമീപനം തന്നെയാണ് അതിന്റെ കാരണവും. അത്തരത്തിലൊരു മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഈട എന്ന സിനിമയിലൂടെ ശ്രദ്ധേയ നേടിയ ഷെല്ലി കിഷോര്‍. സിനിമയിൽ അഭിനയിപ്പിക്കണമെങ്കിൽ സീരിയൽ അഭിനയം നിർത്തണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടതായാണ് ഷെല്ലി പറഞ്ഞത്. മാത്രമല്ല പി.ആർ ചെയ്യാനും സ്വന്തമായി മാർക്കറ്റ് ചെയ്യാനും അറിയാത്തതിനാലും താൻ ഇവിടെയുണ്ടെന്ന് ആർക്കും അറിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
ടെലിവിഷനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സ്ത്രീപദത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷെല്ലിയാണ്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷപ്രീതി നേടിയ ഷെല്ലി ഇതിനോടകം തന്നെ സഖാവ്, ഈട തുടങ്ങി ഏഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ തങ്കമീൻഗൾ എന്ന ചിത്രത്തിലെ വടിവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷെല്ലി തമിഴ്നാട് സർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്ക്കാരം കരസ്ഥമാക്കിയിരുന്നു. സിനിമയിലായാലും സീരിയലിലായാലും അഭിനയ സാധ്യതയുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് തനിക്ക് താത്പര്യമെന്ന് ഷെല്ലി തുറന്നു പറയുന്നു.
