പ്രേക്ഷകരെ ആവേശത്തിരയിലേറ്റിയ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ ആദ്യഭാഗവും രണ്ടാം ഭാഗവും പ്രേക്ഷകര്‍ അത്രകണ്ട് ഏറ്റെടുത്തതുമാണ്. ഇതിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായതാണ്. ആദ്യ ഭാഗത്തിലെ മനോഹരി എന്ന ഗാനത്തിലെ നൃത്ത രംഗത്തിലൂടെയും മറ്റ് ഐറ്റം ഡാന്‍സിലൂടെയും സുപരിചിതയായ നടി സ്‌കാര്‍ലെറ്റ് വില്‍സണിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തന്നോട് അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിക്കുന്ന ഈ വിഡിയോയാണ് വൈറലാണ്. 

 ബോളിവുഡ് ചിത്രമായ 'ഹന്‍സ ഏക് സന്‍യോഗ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ചിത്രത്തിന്റെ ഐറ്റം ഡാന്‍സ് ചിത്രീകരിക്കുന്നതിനിടെ കൂടെ അഭിനയിക്കുന്ന നടന്‍ ഉമാകാന്ത് റായി സ്‌കാര്‍ലെറ്റിനോട് അപമര്യാദയായി പെരുമാറിയതാണ് സംഭവത്തിന് കാരണം. നടിയുടെ മുടിയില്‍ തൊടാന്‍ ശ്രമിച്ചതോടെ സ്‌കാര്‍ലെറ്റ് നടന്‍റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.

 ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് മനസിലായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ വിശദീകരിച്ച് നടി തന്നെ രംഗത്ത് എത്തുകയായിരുന്നു. നടന്റെ പെരുമാറ്റം അങ്ങേയറ്റം മോശമാണെന്നും സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ശര്‍മ്മ വ്യക്തമാക്കി. സംഭവത്തില്‍ നടന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.