തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടിയെ നഗ്നയാക്കി പൊലീസ് വീഡിയോ എടുത്തെന്ന് ആരോപണം

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കസ്റ്റഡിയിലിരിക്കെ പൊലീസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും നഗ്നയാക്കി വീഡിയോ എടുത്തെന്നതുമടക്കമുള്ള ആരോപണങ്ങളാണ് ശ്രുതി ഉന്നയിച്ചിരിക്കുന്നത്. ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കികൊണ്ടാണ് നടി ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

വനിതാ പൊലീസിനെ കൊണ്ടാണ് തന്നെ നഗ്നയാക്കി വീഡിയോ എടുത്തതെന്നും അവര്‍ പറയുന്നു. പീഡനത്തിന്‍റെ കാര്യം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രുതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയെന്ന കുറ്റത്തിനാണ് നടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ശ്രുതി പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.