ചെന്നൈ: ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന മലയാളി നടി ഒവിയയുടെ ആത്മഹത്യ ശ്രമത്തിന് നടന്‍ കമല്‍ ഹാസ്സനെതിരെ പരാതി. കമലിനു പുറമേ ബിഗ് ബോസ് ഷോയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെയും അഡ്വക്കേറ്റ് എസ് എസ് ബാലാജി പരാതി നല്‍കി. പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെയാണ് ഒവിയ സിനിമയിലേയ്‌ക്കെത്തിയത്. മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങിയെങ്കിലും തമിഴില്‍ അവസരങ്ങള്‍ എത്തിയിരുന്നു. 

ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ ഒവിയയുടെ പ്രേക്ഷക പ്രീതി ഏറെ വര്‍ദ്ധിച്ചു. സഹ മത്സരാര്‍ത്ഥി തനിക്ക് ഇഷ്ടമില്ലാത്തതെന്തോ പറഞ്ഞപ്പോള്‍ 'നീങ്ക ഷട്ടപ്പ് പണ്ണുങ്ക' എന്ന് പറഞ്ഞതോടെയാണ് ഒവിയ ശ്രദ്ധേയയായി. പരിപാടി നടക്കുന്ന ഹൗസിലെ നിയമങ്ങളും ചട്ടങ്ങളും ഓവിയയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നും ഇക്കാരണത്താലാണ് താരം ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് അഡ്വക്കേറ്റ് ബാലാജി പരാതിയില്‍ പറയുന്നത്. 

ടിആര്‍പി റേറ്റിംഗ് കൂട്ടുന്നതിനു വേണ്ടി കടുത്ത നടപടികള്‍ക്ക് മത്സരാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കമല്‍ഹാസന്‍, ബിഗ് ബോസ് നിര്‍മ്മാതാക്കള്‍, വിജയ് ടിവി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ബാലാജി ആവശ്യപ്പെട്ടു. ബിഗ് ബോസ് ഷോയില്‍ നിന്ന് കഴിഞ്ഞദിവസം ഓവിയ പുറത്തായിരുന്നു. 

ഇതിന്‍റെ സങ്കടം സഹിക്കാനാവാതെ ഷോ ഹൗസിലെ നീന്തല്‍ കുളത്തിലേക്ക് താരം എടുത്തു ചാടുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് മത്സരാര്‍ത്ഥികള്‍ ഓവിയയെ കുളത്തില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു. 41 ദിവസത്തെ താമസത്തിനു ശേഷമാണ് ഓവിയ ഷോയില്‍ നിന്ന് പുറത്തായത്.