കരാറൊപ്പിട്ട സിനിമയില്‍ സഹകരിക്കാത്തതിനാല്‍ വടിവേലുവിന് വന്‍തുക പിഴ

ചെന്നൈ: കരാറൊപ്പിട്ട സിനിമയില്‍ സഹകരിക്കാത്തതിനാല്‍ വടിവേലുവിന് വന്‍തുക പിഴ. വടിവേലുവിന് എതിരെ സംവിധായകന്‍ ഷങ്കര്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും, നടികര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു. ഇതിലാണ് നടപടി. ഇംസെയ്‌രാസന്‍ 24-മത് പുലികേശി എന്ന സിമ്പുദേവന്‍ ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വടിവേലുവിനെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം അവരോടും സഹകരിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വടിവേലു എട്ടു കോടി 75 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന ഉത്തരവിട്ടിരിക്കുന്നത്.

നേരത്തെ വടിവേലു അഭിനയിച്ച ഇംസെയ്‌രാസന്‍ 23-മത് പുലികേശി എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ഇംസെയ്‌രാസന്‍ 24-മത് പുലികേശി. പാര്‍വ്വതി ഓമനകുട്ടനാണ് ചിത്രത്തിലെ നായിക.അതിനിടെ കൂടുതല്‍ നിര്‍മ്മാതാക്കള്‍ വടിവേലുവിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.