ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസിൽ ഇടംനേടിയ നായികയാണ് അഹാന കൃഷ്ണ. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം ഇപ്പോൾ. എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയിലെ 'നീ ഹിമമഴയായ് വരൂ..' എന്ന ​ഗാനമാണ് താരം പാടിയിരിക്കുന്നത്.

കെ.എസ് ഹരിശങ്കറും നിത്യ മാമനും ചേർന്ന് ആലപിച്ച ​ഗാനം പാടുന്ന തന്റെ വീഡിയോ ഇൻസ്റ്റാ​ഗ്രാമിലാണ് അഹാന പങ്കുവച്ചിരിക്കുന്നത്. 'എന്റെ തലയിൽ നിന്ന് ഈ പാട്ട് ഒഴിഞ്ഞുപോകുന്നില്ല..അതിനാൽ ഇത് ഇവിടെ ഇടുകയാണ്. നീ ഹിമമഴയായ്… എന്തൊരു മനോഹരമായ കംപോസിഷനാണിത്. സമീപകാലത്തിറങ്ങിയ മികച്ച ഡ്യുയറ്റുകളിൽ ഒന്ന്. നന്നായി പാടിയിട്ടുമുണ്ട്'; എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അഹാന കുറിച്ചിരിക്കുന്നത്. ഗാനമൊരുക്കിയ കൈലാസിനേയും ഗായകരായ ഹരിശങ്കറിനേയും നിത്യ മാമനേയും ടാഗ് ചെയ്തുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്.

നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്ത മേനോനും ടൊവീനോ തോമസുമാണ് നായിക നായകന്മാർ. തീവണ്ടി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവീനോയും സംയുക്തയും ഒന്നിക്കുകയാണ് ഈ ചിത്രത്തില്‍.