ചെന്നെെ: എ.ആര്‍. മുരഗദോസിന്‍റെ സംവിധാനത്തില്‍ വിജയ്‍ നായകനായി എത്തിയ 'സര്‍ക്കാരി'നെതിരെയുള്ള പ്രതിഷേധങ്ങള്‍ അണ്ണാ ഡിഎംകെ അവസാനിപ്പിച്ചതായി തമിഴ്നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ സി. രാജു. മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയെയും തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയെയും പരിഹസിക്കുന്ന രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയതോടെയാണ് പ്രതിഷേധങ്ങള്‍ പാര്‍ട്ടി അവസാനിപ്പിച്ചത്.

കടമ്പൂര്‍ സി രാജുവാണ് സര്‍ക്കാരിലെ ചില സീനുകള്‍ എടുത്തു കാട്ടി ആദ്യം പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തിയത്. വിവാദങ്ങള്‍ക്കിടയിലും തീയറ്ററില്‍ സര്‍ക്കാരിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇതിനിടെ പ്രതിഷേധങ്ങള്‍ കനത്തത് അണിയറ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തിയിരുന്നു.

ഇതോടെ എഐഎഡിഎംകെ സര്‍ക്കാരിനെയും മുന്‍ മുഖ്യമന്ത്രി ജയലളിതയെയും പരിഹസിക്കുന്നതെന്ന് ആരോപിക്കപ്പെട്ട രംഗം ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമാണ് ചിത്രം വെള്ളിയാഴ്ച വൈകിട്ടത്തെ ഫസ്റ്റ് ഷോകള്‍ മുതല്‍ തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ കളിച്ചത്.

ഇളയദളപതിയുടെ ബാനറുകള്‍ വലിച്ച് കീറി സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുന്നിലേക്ക് എഐഎഡിഎംകെ പ്രതിഷേധം വ്യാപിപ്പിച്ചതോടെയാണ് നിര്‍മ്മാതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയാറായത്. വിവാദ രംഗങ്ങള്‍ പിന്‍വലിക്കാതെ പ്രദര്‍ശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് തീയേറ്റര്‍ എക്‌സിബിഷന്‍ അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേസ് അസോസിയേഷനും നിലപാട് കടുപ്പിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ സമ്മര്‍ദത്തിലായി.

സര്‍ക്കാര്‍ നല്‍കിയ സമ്മാനങ്ങള്‍ ജനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്നത് ഉള്‍പ്പടെ ആനുകാലിക വിഷയങ്ങളിലെ തമിഴ്‌നാട് സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ചുള്ള സീനുകളാണ് വിവാദമായത്. സമ്മാനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗം നീക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് സ്വാധീനം ചെലുത്താന്‍ മുഖ്യമന്ത്രിക്ക് അധിക മരുന്ന് നല്‍കി കൊലപ്പെടുത്തുന്ന രംഗവും ചിത്രത്തിലുണ്ട്.

ജയലളിതയെ അനുസ്മരിപ്പിച്ച വരലക്ഷ്മി ശരത്കുമാറിന്റെ കഥാപാത്രത്തിന് പുരട്ചി തലൈവിയുടെ യഥാര്‍ത്ഥ പേരായ കോമളവല്ലി എന്നാണ് നല്‍കിയത്. കോമളവല്ലി എന്ന പേര് പ്രതിപാദിക്കുന്നിടങ്ങളില്‍ ആ വാക്ക് മ്യൂട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ സംവിധായകന്‍ എആര്‍ മുരുഗദോസിന്റെ കോലം എഐഎഡിഎംകെ പ്രവര്‍ത്തകര്‍ കത്തിച്ചു.

കഴിഞ്ഞ ദിവസം മുരഗദോസിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് ഹൈക്കോടതിയെ സമീപിച്ച സംവിധായകന് താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. നവംബര്‍ 27 വരെ മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്.