മുംബൈ: സിനിമാ താരങ്ങള്‍ എളിമ കാണിക്കുന്നതും സഹായങ്ങള്‍ ചെയ്യുന്നതും ഇടയ്ക്കിടെ വാര്‍ത്തയാവാറുണ്ട്. അതുപോലെ ഒരു സംഭവമാണ് ഇവിടെയും. ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ ആയിരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം ഉച്ചഭക്ഷണം നല്‍കുകയാണ്. ഈ മാസം ഒന്നിന് 44ാം പിറന്നാളായിരുന്നു. അതിനോടനുബന്ധിച്ചാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ പങ്കുച്ചേര്‍ന്നത്.

ഇസ്‌കോണ്‍( ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) യുടെ അന്നമിത്ര ഫൗണ്ടേഷന്‍ നടത്തിവരുന്ന ഉച്ചഭക്ഷണ പദ്ധതിയാണിത്. മുംബൈയിലെ അഞ്ഞൂറോളം മുന്‍സിപ്പല്‍ സ്‌കൂളുകളിലും സംസ്ഥാത്തെ രണ്ടായിരം സ്‌കൂളുകളിലും അന്നമിത്ര ഫൗണ്ടേഷന്‍ സ്ഥിരമായി പോഷകാഹാരം വിതരണം ചെയ്യുന്നുണ്ട്.

2004 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഏഴ് സംസ്ഥാനങ്ങളിലായി 12 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്.മുംബൈയിലെ ഭക്ഷണ വിതരണത്തിനായി 20 അത്യാധുനിക അടുക്കളകളാണുള്ളതെന്ന് ഈസ്‌കോണ്‍ ആത്മിയ നേതാവ് രാധാനാഫ് സ്വാമി മഹാരാജ് പറഞ്ഞു.